9 വയസ്സുകാരിയെ വളര്‍ത്തുനായയുടെ മുന്നില്‍ നിര്‍ത്തി പേടിപ്പിച്ചു, ക്രൂരമായി മര്‍ദിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്ബത് വയസ്സുകാരിയെ വളര്‍ത്തുനായയുടെ മുന്നില്‍ നിര്‍ത്തി പേടിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍ (Arrest). അരുവിക്കര (Aruvikkara) നെട്ടയം സ്വദേശി വിഷ്ണുവിനെ (28) ആണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മക്കളുള്ള കാച്ചാണി സ്വദേശിനിയായ യുവതിക്കൊപ്പം താമസിക്കുകയായിരുന്ന വിഷ്ണു മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ എട്ടാം തീയതി ഇളയ കുട്ടിയെ യുവതി പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയ്ക്കായി അഡ്മിറ്റാക്കിയപ്പോള്‍ വിഷ്ണു മദ്യപിച്ച്‌ വീട്ടിലെത്തുകയും ഒമ്ബത് വയസ്സുകാരിയെ ചീത്ത പറയുകയും തുടര്‍ന്ന് വളര്‍ത്തുനായയുടെ മുന്നില്‍ നിര്‍ത്തി പേടിപ്പിച്ച്‌ ഓലമടല്‍ കൊണ്ട് അടിക്കുകയുമായിരുന്നു.

സംഭവം കണ്ടുകൊണ്ട് വീട്ടിലെത്തിയ യുവതിയുടെ അമ്മ കുട്ടിയെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി. ഇവര്‍ക്ക് പിന്നാലെ ആശുപത്രിയിലെത്തിയ വിഷ്ണു യുവതിയുടെ അമ്മയേയും ഒപ്പം മറ്റൊരു ബന്ധുവിനെയും മര്‍ദിച്ചു. മര്‍ദനമേറ്റവര്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. കുട്ടിയെ മര്‍ദിച്ചത് അരുവിക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നതിനാല്‍ ബുധനാഴ്ച രാവിലെ കുട്ടിയേയും കൂട്ടി യുവതിയുടെ അമ്മ അരുവിക്കര സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

നെടുമങ്ങാട് ഡിവൈഎസ്പി സുല്‍ഫിക്കര്‍, അരുവിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബു, എസ്‌ഐ കിരണ്‍ശ്യാം, എസ്.സി.പി.ഒ. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Loading...