മകന്റെ കല്യാണത്തിന് ക്ഷണം അമ്പതിലധികം പേര്‍ക്ക്;പിതാവിന് ആറു ലക്ഷത്തിലധികം രൂപ പിഴ

ജയ്പുര്‍ : മകന്റെ കല്യാണത്തിന് അമ്പതിലധികം അതിഥികളെ ക്ഷണിച്ചതിന് പിതാവിന് ആറ് ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം നടന്നത്. ഭഡദ മൊഹല്ല നിവാസിയായ ഗിസുലാല്‍ രതിയാണ് തന്റെ മകന്റെ വിവാഹത്തിനായി 50 ഓളം അതിഥികളെ ക്ഷണിച്ചത്.കോവിഡ് നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കല്യാണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് പിഴത്തുക നല്‍കേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.അതേസമയം തന്നെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവരില്‍ 15 പേര്‍ക്ക് പിന്നീട് കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നതും ഗുരുതരമാണ്. ഇതില്‍ ഒരാള്‍ രോഗം ബാധിച്ച് മരിച്ചതായും ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട് വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ജൂണ്‍ 22 ന് ഗിസുലാല്‍ രതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.മകന്റെ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്ക് ആവശ്യമായ ഐസൊലേഷന്‍, ക്വറന്റീന്‍ സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

Loading...

ഇവരുടെ പരിശോധനയും ഭക്ഷണവും ആംബുലന്‍സും ക്രമീകരിച്ചതിനുമായി സംസ്ഥാന സര്‍ക്കാരിന് 6,26,600 രൂപ ചെലവായി. ഈ തുക ഗിസുലാല്‍ രതിയുടെ കടുംബത്തില്‍നിന്ന് തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ പിഴ ഈടാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിഴത്തുക അടയ്ക്കാന്‍ ഗിസുലാല്‍ രതിയോട് നിര്‍ദേശിച്ചതായി രാജേന്ദ്ര ഭട്ട് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനില്‍ ഇതുവരെ 16,660 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.