ചികിത്സിക്കാന്‍ പണമില്ല… അഞ്ചു വയസ്സുകാരനെ അച്ഛന്‍ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു

ബംഗുളൂരു : രോഗിയായ മകനെ ചികിത്സിക്കാന്‍ പണമില്ലാതിരുന്ന അച്ഛന്‍ തന്റെ സുഹൃത്തിനെ കൊണ്ട് മകനെ കൊല്ലപ്പെടുത്തി. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളിയായ ജയപ്പയാണ് അപസ്മാര രോഗിയായ മകനെ കൊല്ലാന്‍ 50,000 രൂപയ്ക്ക് സുഹൃത്തിന് ക്വട്ടേഷന്‍ കൊടുത്തത്. കര്‍ണ്ണാടകത്തിലെ ദേവനഗരിയിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും കൊല നടത്തിയ സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തു.

മകന്‍ ബാസവരാജുവിനെ ചികിത്സിക്കാന്‍ ഇയാള്‍ക്ക് മൂന്ന് വര്‍ഷത്തിനിടെ നാലുലക്ഷത്തോളം രൂപ ചെലവായി. എന്നാല്‍, ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും കാണാഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരമൊരു ക്രൂരതയ്ക്ക് മുതിര്‍ന്നത്. ചികിത്സയ്ക്കായി കൂടുതല്‍ പണം കണ്ടെത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട മകനെ കൂടാതെ മറ്റ് നാലു മക്കള്‍ കൂടി ഇയാള്‍ക്കുണ്ട്. മകനെ ചികിത്സിക്കാന്‍ മറ്റ് വഴികള്‍ ഇല്ലാതായതോടെയാണ് കൊലപാതകത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ഇതിനായി സുഹൃത്ത് മഹേഷിനെ സമീപിച്ചു. ജയപ്പയും മഹേഷും ഒരു ബാറില്‍ വെച്ച് കണ്ടുമുട്ടി. തന്റെ പ്രശ്‌നങ്ങളെല്ലാം മഹേഷിനോട് ജയപ്പ പറഞ്ഞു. മകനെ വേദനിപ്പിക്കാതെ കൊല്ലാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
വേദനയില്ലാതെ മകനെ കൊല്ലാമെന്നും ഇതിനായി ഒരു ഇഞ്ചെക്ഷന്‍ വേണമെന്നും 25,000 രൂപ തനിക്ക് പ്രതിഫലമായി നല്‍കണമെന്നും മഹേഷ് ആവശ്യപ്പെട്ടു. ജയപ്പ അത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിയെ കൊല്ലാനുള്ള ഇഞ്ചെക്ഷന്‍ കണ്ടെത്താന്‍ മഹേഷിന് കഴിഞ്ഞില്ല. ഇതോടെ മകനെ എങ്ങനെയെങ്കിലും കൊന്നാല്‍ മതിയെന്നായി ആവശ്യം.

ഇതുപ്രകാരം ഭാര്യയയും മറ്റ് മക്കളെയും ജയപ്പ ബന്ധുവീട്ടിലേയ്ക്ക് പറഞ്ഞയച്ചു. രാത്രിയില്‍ മഹേഷ് ജയപ്പയുടെ വീട്ടിലെത്തി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു. നേരം പുലര്‍ന്നപ്പോള്‍ കുട്ടിയ്ക്ക് അപസ്മാരബാധിച്ച് മരിച്ചുവെന്ന് കഥ ഉണ്ടാക്കിയെങ്കിലും ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് സത്യം തെളിയുകയായിരുന്നു.