ജീപ്പില്‍ നിന്ന് കുഞ്ഞ് വീണ സംഭവം; മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ ഭാര്യ ഉറങ്ങിപ്പോയതാണെന്ന് കുഞ്ഞിന്റെ അച്ഛന്‍

മൂന്നാര്‍ രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും ഒന്നര വയസ്സുള്ള കുഞ്ഞ് തെറിച്ചു വീണ സംഭവത്തില്‍ വിശദീകരണവുമായി കുഞ്ഞിന്റെ അച്ഛന്‍ സതീഷ്. മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ ഭാര്യ ഉറങ്ങി പോയതുകൊണ്ടാണ് കുഞ്ഞ് പുറത്തേക്ക് വീണ കാര്യം അറിയാതെ പോയതെന്ന് സതീഷ് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.

സതീഷിന്റെയും സത്യഭാമയുടെയും മൂന്ന് മക്കളില്‍ ഇളയ ആളാണ് രാജമലയില്‍ വാഹനത്തില്‍ നിന്നും വീണത്. പളനി ക്ഷേത്രത്തില്‍ പോയി തിരികെ വരുമ്‌ബോഴായിരുന്നു സംഭവം. മൂത്ത മക്കളിലൊരാള്‍ സത്യഭാമയുടെ അരികിലിരുന്നിരുന്ന ബന്ധുവിന്റെ കയ്യിലുണ്ടായിരുന്നു. ജീപ്പിലുണ്ടായിരുന്നവര്‍ ഇടക്ക് ഉണര്‍ന്നു നോക്കിയപ്പോള്‍ വഴിയില്‍ വീണ കുഞ്ഞാണ് ഇവരുടെ കയ്യിലിരിക്കുന്നതെന്നാണ് കരുതിയത്.

വെള്ളത്തൂവലിലെത്തി ജീപ്പില്‍ നിന്നും ഇറങ്ങുമ്‌ബോഴാണ് കുഞ്ഞ് കൂടെയില്ലെന്ന വിവരം അറിയുന്നതും പൊലീസിനെ സമീപിക്കുന്നതും. കുഞ്ഞിനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണിവര്‍. പരുക്കേറ്റ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. സംഭവം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്. സതീഷിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.