കുട്ടനാട് വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കൽ അറസ്റ്റിൽ

ആലപ്പുഴ∙ കാർഷിക വായ്പ തട്ടിപ്പു കേസിൽ ഫാ.തോമസ് പീലിയാനിക്കൽ അറസ്റ്റിൽ. കർഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കുട്ടനാട് വികസനസമിതി ഓഫീസില്‍ വച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് കേസുകളിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Loading...

കുട്ടനാട്ടിലെ നിരവധി ആളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വ്യാജരേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് പ്രതികൾ കാര്‍ഷിക വായ്പ തട്ടിയെടുത്തതെന്നാണ് കേസ്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കൈനടി പൊലീസ് സ്റ്റേഷനിലേത് അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എൻ.സി.പി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫിസ് ജീവനക്കാരി ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്.

ക്രൈംബ്രാഞ്ച് അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ.പീലിയാനിക്കല്‍ ഹാജരായിരുന്നില്ല. അതിനിടെയാണു കുട്ടനാട് വികസന സമിതി ഓഫിസിൽ നിന്നു ഫാ.തോമസിനെ കസ്റ്റഡിയിലെടുത്തത്. സമിതി എക്സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം.