പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല മകളെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയ പിതാവ് അറസ്റ്റില്‍

ലഖ്‌നൗ. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പ്രണയബന്ധം തുടര്‍ന്ന മകളെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയ അച്ഛന്‍ അറസ്റ്റില്‍. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മകളെയാണ് പ്രതി കൊല്ലുവാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍ നവീന്‍ കുമാറാണ് അറസ്റ്റിലായത്.

ഉത്തരപ്രദേശിലെ മീററ്റിലെ മോദിപുരത്താണ് സംഭവം നടന്നത്. കുരങ്ങിനെ കണ്ട് പേടിച്ച് വീടിന് മുകളില്‍ നിന്നും വീണുവെന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് ഇയാള്‍ പറഞ്ഞു.

Loading...

പെണ്‍കുട്ടി കിടന്നിരുന്ന ഐസിയുവിലെ വാര്‍ഡ് ബോയിക്കും ഒരു സ്ത്രീ തൊഴിലാളിക്കും ഒരു ലക്ഷം രൂപ നല്‍കി കുട്ടിയെ ഐസിയുവില്‍ വച്ച് കൊല്ലുവനായിരുന്നു പദ്ധതി. ഇവര്‍ കുട്ടിയുടെ ശരീരത്തില്‍ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നടത്തിയ പരിശോധനയില്‍ കൂടിയ അളവില്‍ പൊട്ടാസ്യം കുത്തിവച്ചത് തിരിച്ചറിയുകയായിരുന്നു.

ഇതേ തുടര്‍ന്ന് പോലീസ് സീസിടിവി പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. മകള്‍ക്ക് ഒരു യുവാവുമായി ഇഷ്ടം ഉണ്ടായിരുന്നുവെന്നും അതില്‍ നിന്ന് പിന്മാറുവാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി അതിന് തയ്യാറായില്ലെന്നും നവീന്‍ കുമാര്‍ പറയുന്നു.