ഫാത്തിമയുടെ ഡയറിയില്‍ മൂന്ന് അധ്യാപകരുടെയും ഏഴ് വിദ്യാര്‍ത്ഥികളുടെയും പേരുണ്ടെന്ന് പിതാവ്

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമയുടെ മരണത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് മാത്രമല്ല, ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ് മാധ്യമങ്ങളോട്. അവരുടെ പേരുകള്‍ ഫാത്തിമയുടെ ഡയറിയിലുണ്ട്. സംഭവം നടന്ന ദിവസം പുലര്‍ച്ചെ അഞ്ചു മണിവരെ ഹോസ്റ്റലിലെ ഹാളില്‍ ബര്‍ത്ത്‌ഡേ ആഘോഷം നടന്നിരുന്നു. പുലര്‍ച്ചെ നാലിനും അഞ്ചിനും മധ്യേയാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു.

ഫാത്തിമയുടെ മരണത്തില്‍ പല കുട്ടികളും ആദ്യദിവസം തങ്ങളോട് തുറന്നുപറഞ്ഞുവെങ്കിലും പിന്നീട് അവര്‍ സംസാരിക്കാന്‍ തയ്യാറായില്ല. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ ആറു മണിക്ക് എഴുന്നേല്‍ക്കുന്ന ആ കാമ്പസിലെ ഏക വിദ്യാര്‍ത്ഥി ഫാത്തിമയാണ്.

Loading...

മറ്റു കുട്ടികള്‍ അവധി ദിവസം എഴുന്നേറ്റു വരുന്നത് 11 മണിയാകും. എന്നാല്‍ 11.30 കഴിഞ്ഞിട്ടും ഫാത്തിമയെ പുറത്തുകാണാത്തതില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ തിരക്കിയില്ല എന്നതും അതിശയിപ്പിക്കുന്നു. സംഭവം നടന്ന് ഇത്രയും ദിവസത്തിനുള്ളില്‍ സ്ഥാപനത്തില്‍ നിന്നും ഒരു പ്യൂണ്‍ പോലും തങ്ങളെ വിളിച്ചിട്ടില്ല. കാമ്പസില്‍ മരിച്ച ഒരു വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഒരു നികൃഷ്ട ജീവിയുടെത് എന്നപോലെ എത്രയും വേഗം നീക്കം ചെയ്യാനാണ് അവരുടെ ശ്രമം. പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹമെടുത്തപ്പോള്‍ സാധനങ്ങളും കൊണ്ടുപോകുന്നില്ലേ എന്നാണ് അവര്‍ ചോദിക്കുന്നയെന്നും ലത്തീഫ് ആരോപിക്കുന്നു.

ഫാത്തിമയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സംശയമുണ്ട്. തമിഴ്‌നാട് പോലീസിന്റെ പെരുമാറ്റത്തില്‍ സംശയമുണ്ട്. മകളുടെ മരണമറിഞ്ഞ് ചെന്ന തങ്ങളോട് വളരെ മോശമായാണ് പോലീസ് പെരുമാറിയത്. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ പോലീസ് കൃത്രിമം നടത്തിയെന്നും ലത്തീഫ് ആരോപിച്ചു.

ഫാത്തിമ മുറിയില്‍ മുട്ടികാലില്‍ കുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. തൂങ്ങിയെന്ന് പറയുന്ന ഫാനില്‍ കയറിന്റെ അംശമില്ല. മുറിയില്‍ വിരല്‍ അടയാള പരിശോധന നടത്തിയിട്ടില്ല. സംഭവത്തിനു പിന്നാലെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന കുട്ടി മാറുകയും സാധനങ്ങള്‍ മാറ്റുകയും ചെയ്തിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു.

ഐഐടിയില്‍ ഒന്നാം റാങ്കില്‍ പാസായി പ്രവേശനം നേടിയ മകള്‍ മൂന്നു മാസവും 10 ദിവസവും കഴിഞ്ഞപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ഫാത്തിമയുടെ മരണത്തില്‍ തനിക്ക് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ട്. എന്നാല്‍ ഈ അവസരത്തില്‍ അതിനു മുതിരുന്നില്ല. വേണ്ടിവന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ലത്തീഫ് പറഞ്ഞു.

ഡല്‍ഹിയില്‍ എത്തിയ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. ഫാത്തിമയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചതായും ലത്തീഫ് വ്യക്തമാക്കി. രാജ്യത്തെ ഐഐടി, ഐഐഎം പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനം അടക്കമുള്ള അതിക്രമങ്ങളില്‍ അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കൊപ്പമാണ് ലത്തീഫ് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും സന്ദര്‍ശിച്ച് പരാതി കൈമാറിയത്. ഇതോടൊപ്പം 37 എം.പിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കി. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ തലത്തിലും തനിക്ക് വലിയ പിന്തുണ നല്‍കിയെന്നും ലത്തീഫ് വ്യക്തമാക്കി.

ഫാത്തിമയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് തലത്തിലുള്ള അന്വേഷണം നടക്കും. ഫാ്തതിമ മരിക്കാനിടയായ സാഹചര്യം വനിതാ ഐ.ജി തലത്തില്‍ സി.ബി.ഐ അന്വേഷണം നടത്തും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പീഡനങ്ങളെ കുറിച്ച് സമഗ്രമായ മറ്റൊരു അന്വേഷണവും നടക്കുമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. നിലവില്‍ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഫാത്തിമയുടെ പിതാവ് തൃപ്തനാണ്. എന്നാല്‍ ഇതോടൊപ്പം സി.ബി.ഐ അന്വേഷണവും നടക്കും. കേസ് സി.ബി.ഐ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.