ഗൂഗിളും ഫെയ്‌സ്ബുക്കും അന്ത്യത്തിലേക്ക്; അമേരിക്കന്‍ ഐടി കമ്പനികളുടെ ആധിപത്യം തകര്‍ന്നടിയുന്നു-ജോര്‍ജ് സോറോസ്‌

ദാവോസ്: ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും അന്ത്യം കുറിക്കപ്പെടുകയാണെന്ന് പ്രമുഖ വ്യവസായി ജോര്‍ജ് സോറോസ്. അമേരിക്കന്‍ ഐടി കമ്പനികളുടെ ആഗോള ആധിപത്യം അവസാനിക്കുന്നുവെന്നും അത് പ്രഖ്യാപിക്കാന്‍ പറ്റിയ സ്ഥലം ദാവോസാണെന്നും ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേ സോറോസ് പറഞ്ഞു.

ലോകത്തെ നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ തെറ്റിദ്ധരിക്കുന്നു. എന്നാല്‍ തങ്ങളുടെ സ്ഥാനം സംരക്ഷിക്കുന്നതിനു വേണ്ടി അവര്‍ സ്വയം അടിമകളാകുന്നുവെന്നും സോറോസ് വ്യക്തമാക്കി. വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണികളിലേക്ക് സ്ഥാനം നേടാനുള്ള ശ്രമത്തിലാണ് ഈ അമേരിക്കന്‍ കമ്പനികള്‍. എന്നാല്‍ ചൈന പോലുള്ള രാജ്യങ്ങളില്‍ കടന്നുകയറാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ശക്തരായ നേതാക്കളുള്ള ഇത്തരം രാജ്യങ്ങളില്‍ കടന്നുകയറുകയെന്നത് എളുപ്പമാവില്ലെന്നും സോറോസ് കൂട്ടിച്ചേര്‍ത്തു.

ഉപയോക്താക്കളെ വഞ്ചിച്ച് ഏകാധിപതികളായി ഫേസ്ബുക്കും ഗൂഗിളും മാറിയെന്നും നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള കാരണമായി ഇത്തരം സംവിധാനങ്ങള്‍ മാറിയെന്നും ഇദ്ദേഹം വിമര്‍ശിച്ചു. ഒരു വ്യക്തിയറിയാതെ തന്നെ അയാളെയും ചുറ്റുപാടുകളെയും ഇത്തരം കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ഇത് വന്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സോറോസ് കൂട്ടിച്ചേര്‍ത്തു.

Top