മിഷേലിനെ ഹീലിട്ട കുരങ്ങനെന്നു വിളിച്ച പമേലയുടെ പണി പോയി

വാഷിങ്ടൺ: ഡൊണാൽഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മിഷേൽ ഒബാമയെ ഹിലിട്ട കുരങ്ങനെന്നു വിളിച്ച പമേല ടെയ്‌ലറുടെ പണി പോയി. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവാദ നായിക പമേല ടെയ്‌ലർ മിഷേലിനെ അപമാനിച്ചത്.

വെസ്റ്റ് വര്‍ജിനിയയിലെ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ ഏജന്‍സിയായ ക്ലെയ് കൗണ്‍ടി ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് പമേലയെ നീക്കം ചെയ്തത്. നവംബറില്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പമേല രാജി വെച്ചെങ്കിലും തത്സാനത്തേക്ക് വീണ്ടും നിയോഗിക്കപ്പെടുകയായിരുന്നു. പ്രസിഡന്‍റ് ഇലക്ഷനില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതുമായി ബന്ധപ്പെട്ട് പമേല ഇട്ട പോസ്റ്റിലാണ് മിഷേലിന് നേരെ വംശീയ വിദ്വേഷം പൂണ്ട വാക്കുകള്‍ പമേല പ്രയോഗിച്ചത്.

‘ആഭിജാത്യവും മഹത്വവും ഉള്ള സുന്ദരിയായ ഒരു പ്രഥമ വനിതയെ വൈറ്റ് ഹൗസിന് തിരികെ ലഭിച്ചത് ആശ്വാസകരമാണെന്നും ഹീലിട്ട കുരങ്ങിനെ കണ്ടു താന്‍ മടുത്തു’ എന്നായിരുന്നു പമേല ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പമേലയുടെ പോസ്റ്റിനെ അഭിനന്ദിച്ചുകൊണ്ട് കമന്‍റിട്ട മേയര്‍ക്ക് തന്‍റെ സ്ഥാനം നവംബറില്‍ തന്നെ രാജിവെയ്‌ക്കേണ്ടി വന്നിരുന്നു.