ഉന്നവയിലെയും കഠുവയിലെയും പീഡനങ്ങള്‍ WCC അറിഞ്ഞില്ലേ ? ; ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമുള്ളതാണോ

വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ് രംഗത്ത്.

രാജ്യത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന തരത്തിലുള്ള രണ്ട് മാനഭംഗങ്ങള്‍ വളരെ ചെറിയ പെണ്‍കുട്ടികള്‍ക്കുനേരെയുണ്ടായിട്ടും ഇതുവരെയും ചെറിയരീതിയില്‍ പോലും തങ്ങളുടെ പ്രതിഷേധം അറയിക്കാത്ത സംഘടന നിങ്ങളുടേത് മാത്രമേയുള്ളൂവെന്നും സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ നിങ്ങള്‍ പ്രതികരിക്കുകയുള്ളോ എന്നും ആലപ്പി അഷ്‌റഫ് ചോദിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഷ്‌റഫിന്റെ പ്രതികരണം. ആലപ്പി അഷ്‌റഫിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

‘ഉന്നവയിലെയും കഠുവയിലെയും പീഡനങ്ങള്‍ WCC അറിഞ്ഞില്ലേ ? 8 വയസ്സുകാരിയെ 8 ദിവസം കൊണ്ട് ഇഞ്ചിഞ്ചായ്, അതിക്രൂരമായ് നിരവധി പേര്‍ നിരവധി തവണ മാനഭംഗപ്പെടുത്തി. അവസാനം കല്ലുകൊണ്ടു തലക്കടിച്ചു കൊന്നത്. ലോകം മുഴുവന്‍ ഈ ക്രൂരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും WCC എന്ന സംഘടനക്ക് ഒന്നും പറയാനില്ലേ.. ഒരു വരി പ്രതിഷേധം…?

ഒരുപക്ഷേ ഐക്യരാഷ്ട്ര സംഘടനാ തലവന്‍, ‘ഭയാനകം അതിക്രൂരം’ എന്നു അപലപിച്ചത് അവര്‍ക്കു വേണ്ടിയാണന്ന് കരുതിക്കാണും…അല്ലങ്കില്‍ ദളിതരും ന്യൂനപക്ഷവും സംഘടനയില്‍ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. അതുമല്ലെങ്കില്‍ ഈ സംഘടന ദിലീപിനെ നേരിടാന്‍ വേണ്ടി മാത്രമുള്ളതാണോ എന്നും അറിയില്ല…

സഹോദരിമാരെ ഇനിയും നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയമുണ്ട്.. അല്ലെങ്കില്‍ WCC എന്ന സംഘടന വെറും വെയ്സ്റ്റ് സിനിമ സെലിബ്രിറ്റിസ് എന്ന അര്‍ത്ഥത്തിലായിപ്പോകില്ലേ.. .?’ ആലപ്പി അഷറഫ് പറഞ്ഞു.

Top