ഡോക്ടർ ആകാൻ കൊതിച്ചു, പക്ഷേ ആയത് കശാപ്പുകാരൻ

യുകെയിൽ ഒരു മാസം അറവു ശാലകളിൽ കത്തിക്ക്‌ ഇര ആകുന്നത് 100 മില്യൺ മൃഗങ്ങൾ ആണ്. എന്നാല് ഇവിടെ ജോളി ചെയ്യുന്നവരെ കുറിച്ച് അധികം ആരും ചിന്തിക്കാറില്ല. ഇപ്പൊൾ ഒരു അറവു ശാലയിലെ ജീവനക്കാരൻ നടത്തിയ തുറന്ന് പറച്ചിലാണ് ഏറെ ചർച്ച ആകുന്നത്.

ജീവനക്കാരന്റെ വാക്കുകൾ ഇങ്ങനെ;

Loading...

കുഞ്ഞായിരുന്നപ്പോൾ എന്റെ ഏറ്റവും വലിയ സ്വപ്നം ഒരു മൃഗഡോക്ടർ ആകുക എന്നുള്ളതായിരുന്നു. കുറുമ്പു കാട്ടുന്ന നായ്ക്കുട്ടികളോടൊപ്പം കളിക്കുന്നതും ഭയന്നിരിക്കുന്ന പൂച്ചക്കുട്ടികളെ താലോലിക്കുന്നതും ഗ്രാമത്തിലെ ഫാമിലുള്ള പശുക്കളെ പരിശോധിക്കുന്നതുമെല്ലാം ഞാൻ സ്വപ്നം കണ്ടു.

എന്നാൽ നമ്മൾ സ്വപ്നം കാണുന്നതിന് വിപരീതമായിരിക്കും ജീവിതം വെച്ചുനീട്ടുന്നത്. എന്റെ കാര്യത്തിലും ജീവിതം അത്തരമൊരു വിരോധാഭാസം കാണിച്ചു. മൃഗങ്ങളെ പരിചരിക്കണമെന്ന് ആഗ്രഹിച്ച എനിക്ക് ലഭിച്ചത് കശാപ്പുകാരന്റെ ജോലിയാണ്. ഒരു പതിറ്റാണ്ടോളം ഭക്ഷ്യമേഖലയിലായിരുന്നു ജോലി. പുതിയൊരു ജോലി അന്വേഷിച്ചതിന്റെ ഭാഗമായിട്ടാണ് കശാപ്പുശാലയിലെ ജോലി ഒഴിവ് കണ്ടത്. എനിക്കപ്പോഴേക്കും 40 വയസായി. ആദ്യ ദിനം തന്നെ അവരെന്ന് അവിടെയെല്ലാം ചുറ്റിക്കാണിച്ചു. ഈ ജോലി ചെയ്യാൻ സാധിക്കുമോയെന്ന് ആവർത്തിച്ചു ചോദിച്ചു. അപ്പോഴെല്ലാം മനസിൽ എല്ലാ ജോലിയുമായി പൊരുത്തപ്പെടുന്നത് പോലെ ഇതും സാധിക്കുമെന്ന് കരുതി. എന്നാൽ എനിക്ക് തെറ്റിയത് അവിടെയാണ്. ഒന്നു ശരിയായില്ല.

ഒരു ദിവസം അറവുശാലയിൽ 250 മൃഗങ്ങളെകൊന്നൊടുക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ ജോലിയായിരുന്നു. പൊരുത്തപ്പെടാൻ ആവതും ശ്രമിച്ചിട്ടും എനിക്ക് സാധിച്ചില്ല. ക്രൂരവും പൈശാചികവുമായിട്ടാണ് എനിക്ക് തോന്നിയത്. ജോലി എന്നെ ശാരീരികമായി മുറിവേൽപ്പിച്ചില്ലെങ്കിലും മാനസികമായി തകർത്തു.

ജനാലകളില്ലാത്ത വായുകയറാത്ത പെട്ടി പോലെയുള്ള മുറിക്കുള്ളിൽ ചിലവഴിച്ച ഓരോ നിമിഷവും എന്റെ ഹൃദയഭാരം കൂടി വന്നു. ഓരോ ദിവസത്തെയും ക്രൂരമായ കാഴ്ചകൾ എന്നെ വേട്ടയാടി. എന്റെ ഉറക്കം നഷ്ടപ്പെട്ടു. കണ്ണടച്ചാൽ മരണവും വേദനയും മാത്രം. കൺമുന്നിൽ പിടയുന്ന മൃഗങ്ങൾ സ്വപ്നത്തിൽ പോലും വന്നു. പശുവിനെ അരുമയായ മൃഗമായി കണ്ടിരുന്ന ഞാൻ കേവലം കൊന്നുതിന്നാൻ വേണ്ടിയുള്ള മാംസപിണ്ഡമായി കാണാൻ തുടങ്ങി. മനസ് മരവിച്ചു. എന്നാൽ ഈ മരവിപ്പിനെപോലും ഇളക്കുന്ന കാഴ്ചയായിരുന്നു അവയുടെ തലകളും തള്ളിനിൽക്കുന്ന കണ്ണുകളും. മാംസം മുഴുവൻ അറത്തുമാറ്റിയ ശേഷം തലമാത്രമായി അവശേഷിക്കും. അതിൽ നിന്നും തള്ളിനിൽക്കുന്ന കണ്ണുകൾ ഉണർവ്വിൽ പോലും എന്നെ വേട്ടയാടി. അറവുശാലയുടെ മുന്നിൽ കെട്ടിതൂക്കിയിരിക്കുന്ന ഈ തുറിച്ചുനിൽക്കുന്ന കണ്ണുകൾ നീയും ഞങ്ങളുടെ മരണത്തിന് ഉത്തരവാദിയല്ലേ എന്ന് ചോദിക്കുന്നത് പോലെ എനിക്ക് തോന്നി.

ചില മൃഗങ്ങൾ കണ്ണുകൾ കൊണ്ട് ഞങ്ങളെ കൊല്ലാതെ വിടാമോയെന്ന് യാചിക്കുന്നത് പോലെ എനിക്ക് തോന്നാൻ തുടങ്ങി. കുറ്റബോധം എന്നെ കാർന്നു തിന്നു. ഇത് എന്റെ മാത്രം അനുഭവമല്ല. ഒപ്പം ജോലി ചെയ്യുന്ന ഓരോരുത്തരും ഈ മാനസികപിരിമുറുക്കം അനുഭവിക്കുന്നവരാണ്. പലരും ഇത് മനസിൽ അടക്കും. എന്നാൽ ഒരിക്കൽ കൂടെ ജോലി ചെയ്യുന്ന ഒരാൾക്ക് ഈ മാനസികബുദ്ധിമുട്ട് അടക്കാൻ സാധിക്കാതെ വന്നു.

ഒരു പശുവിനെ അറത്തുകൊണ്ടിരുന്നതിന്റെ ഇടയ്ക്ക് അതിന്റെ വയറ്റിൽ നിന്നും പശുക്കിടാവിന്റെ ഭ്രൂണം തളം കെട്ടിനിന്ന ചോരയിലേക്ക് വീണു. പൊതുവേ പരുഷസ്വഭാവം കാണിക്കുന്ന അയാൾ പെട്ടന്ന് ഞെട്ടി പുറകിലേക്ക് മാറി. ഇത് ശരിയല്ല, ഇത് ശരിയല്ല എന്ന് പുലമ്പിക്കൊണ്ടേയിരുന്നു. ജോലി തീരുവോളം ഉറക്കെ കരഞ്ഞും പിറുപിറുത്തു അടക്കിവെച്ച വികാരങ്ങൾ പുറത്തേക്ക് വന്നു.

എന്റെ അഭിപ്രായത്തിൽ ഗർഭിണി പശുക്കളെ കൊല്ലുന്നതിലും ക്രൂരം കിടാങ്ങളെ കൊല്ലുന്നതാണ്. 1990–കളിൽ ക്ഷയരോഗം പിടർന്നുപിടിച്ച സമയത്ത് മൃഗങ്ങളെ കൂട്ടമായി കൊല്ലേണ്ട ചുമതല ലഭിച്ചു. ഇവയിൽ പൈക്കിടാങ്ങളും ഉണ്ടായിരുന്നു. അവയുടെ ഘാതകരാണ് ഞങ്ങളെന്ന് അറിയാതെ അവ ഞങ്ങളുടെ കൈകളിൽ നക്കി, ഞങ്ങൾക്ക് ചുറ്റും തുള്ളിച്ചാടി. ജനിച്ചയുടനെയുള്ള കിടാങ്ങൾ കാലുകൾ മുന്നോട്ട് ചലിപ്പിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. അവയെ കൊല്ലേണ്ട സമയം വന്നപ്പോൾ ഞാൻ ധൈര്യം സംഭരിച്ചു. വലിയ മൃഗങ്ങളെ കശാപ്പുചെയ്യുന്ന ബോക്സിൽ ഒരെണ്ണത്തിനെ മാത്രം ഇടാൻ സാധിക്കുമായിരുന്നില്ല. അവ അതിൽ നിന്നും ഊർന്നുപോകുന്ന വിധം ചെറുതായിരുന്നു. അതിനാൽ ആറോ ഏഴോ എണ്ണത്തിനെ ഒരുമിച്ചാണ് ഇട്ടത്.

മരണവേദനകൊണ്ടുള്ള അവയുടെ ആർത്തനാദം ചോരതെറിച്ച് കട്ടപിടിച്ച് ഉണങ്ങിയ ചുമരുങ്ങളിൽ തട്ടി പ്രതിധ്വനിച്ചു. അറവുശാലയുടെ തറയിൽ ചിലപ്പോൾ മൃഗങ്ങളുടെ വിസർജ്ജ്യം കാണാം. ചുവരുകളാകട്ടെ രക്തത്തിൽ പൊതിഞ്ഞിരിക്കും. അവിടത്തെ മണമോ… നിങ്ങളെ ഒന്നാകെ വിഴുങ്ങുന്നതും. ചാവുന്ന മൃഗങ്ങളുടെ ദുർഗന്ധം ഒരു നീരാവിപോലെ നിങ്ങൾക്ക് ചുറ്റും നിറഞ്ഞ് നിങ്ങളെ ശ്വാസംമുട്ടിക്കും. പുറത്തുള്ളവർക്ക് ഈ ലോകത്തെക്കുറിച്ച് അറിയില്ല.

ഇവിടുത്തെ ജോലിയുടെ സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത സഹപ്രവർത്തകരുണ്ട്. ചിലരാകട്ടെ കാലത്തിന്റെ കുത്തൊഴുക്കിൽ മനസ് മരവിച്ച് മുന്നോട്ട് ഒഴുകും. എനിക്ക് പക്ഷെ മുന്നോട്ട് ഒഴുകാനായില്ല. ഞാൻ ജോലി നിർത്തി. എന്നിട്ടും ആയിരക്കണ്ണക്കിന് കണ്ണുകൾ എന്നെ തുറിച്ചുനോക്കുന്നതായി എനിക്ക് ഇന്നും തോന്നാറുണ്ട്.

(കടപ്പാട്– ബിബിസി)