എഫ്.ബി.ഐ ഡയറക്ടറായി ക്രിസ്റ്റഫര്‍ വ്രേയെ പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു

വാഷിംഗ്ടണ്‍: ജയിംസ് കോമിയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) തലപ്പത്തു നിന്ന് പുറത്താക്കി ഒരു മാസം കഴിയവേ ക്രിസ്റ്റഫര്‍ എ വ്രേയെ പിന്‍ഗാമിയായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്തു. ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റി വ്യാഴാഴ്ച സെനറ്റ് കമ്മിറ്റിക്കു മുമ്പാകെ കോമി മൊഴി നല്‍കാനിരിക്കെയാണ് പുതിയ നിയമനം ഉണ്ടായിരിക്കുന്നത്.
സമര്‍ഥനായ ക്രിസ്റ്റര്‍ വ്രേയെ എഫ്.ബി.ഐ യുടെ ഡയറക്ടറായി നോമിനേറ്റ് ചെയ്യുകയാമെന്നും, കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുമെന്നും ട്രമ്പ് ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്റ് ജോര്‍ജ് ഡബ്ലു ബുഷിന്റെ കാലത്ത് യു.എസ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായും, 2003 – 05 കാലഘട്ടത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്രിമിനല്‍ ഡിവിഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായും പ്രവര്‍ത്തിച്ച പരിചയം ക്രിസ്റ്റഫറിനുണ്ട്.
ക്രിസ്റ്റഫര്‍ ഉള്‍പ്പെടെ എഫ്.ബി.ഐ തലപ്പത്തേക്കു പരിഗണിക്കുന്നവരുമായി ട്രമ്പ് കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ അറിയിച്ചു. നിര്‍ണായകമായ ക്രമസമാധാന ദൗത്യങ്ങള്‍ നിര്‍വഹിക്കുന്ന ഏജന്‍സിയുടെ തലപ്പത്ത് പുതിയ നേതൃത്വം വരേണ്ടത് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് അനിവാര്യമാണെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രമ്പ് ചൂണ്ടിക്കാട്ടി.