സ്വകാര്യ ചിത്രവും വിഡിയോയും ഷാരോണ്‍ പ്രതിശ്രുത വരന് നല്‍കുമെന്ന ഭയം കൊലപാതകത്തിലേക്ക് നയിച്ചു

തിരുവനന്തപുരം. കാമുകി നല്‍കിയ ജൂസ് കുടിച്ച് ഷാരോണ്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന നല്‍കി പോലീസ്. പ്രതിയായ ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും ഇയാളുടെ മക്കളം പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും പോലീസ് പറയുന്നു. ഗ്രീഷ്മയുടെ കുടുംബത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ വീട്ടുകാരുടെ ആരോപണം.

ഷാരോണിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹ ആലോചന വന്നതോടെ ഗ്രീഷ്മ ഷാരോണില്‍ നിന്നും അകലുവാന്‍ ശ്രമിച്ചു. വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നും പിരിയാമെന്നും ഗ്രീഷ്മ പറഞ്ഞിട്ടും ഷാരോണ്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഷാരോണിന്റെ കൈവശം ഉണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങളും വീഡിയോയും ഡിലീറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു.

Loading...

എന്നാല്‍ ഇതിന് ഷാരോണ്‍ തയ്യാറായില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമോയെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് ഗ്രീഷ്മ പറയുന്നു. വിഷം നല്‍കുമ്പോള്‍ സംശയം തോന്നാതിരിക്കുവാന്‍ ഷാരോണിനോട് കൂടുതല്‍ അടുക്കുകയും ചെയ്തു. അതേസമയം ഗ്രീഷ്മയുടെ അച്ഛന്റെയും അമ്മയുടെയും മൊഴികളില്‍ വൈരുധ്യം ഉള്ളതായി പോലീസ് പറയുന്നു. ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വ്യക്തത വന്നേക്കും. ഒരാള്‍ക്ക് മാത്രമായി കൊലപാതകം ചെയ്യുവാന്‍ സാധിക്കില്ലന്നാണ് പോലീസ് പറയുന്നത്.