യഥാർഥത്തിൽ മോദിയോട് തനിക്ക് സ്നേഹമാണ്; ലോക്സഭയിലെ ആലിംഗന രഹസ്യം വെളിപ്പെടുത്തിയ രാഹുലിനു നിറഞ്ഞ കൈയടി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വ്യക്തിപരമായി എനിക്ക് ശത്രുതയില്ല, യദാർഥത്തിൽ എനിക്ക് മോദിയോട് സ്നേഹമാണ്.. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വാക്കുകളാണിത്. ചെന്നൈയിലെ സ്റ്റെല്ലാ മാരീസ് കോളെജിൽ 3000 വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് മോദിയോടുള്ള സ്നേഹം രാഹുൽഗാന്ധി തുറന്നു പറഞ്ഞത്.

ലോക്സഭയിൽ മോദിയെ ആലിംഗനം ചെയ്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു കോൺഗ്രസ് അധ്യക്ഷന്‍റെ മറുപടി. അന്ന് അദ്ദേഹം ക്ഷുഭിതനായിരുന്നു. കോൺഗ്രസിനെതിരെ മോശമായി സംസാരിച്ചു. താൻ അദ്ദേഹത്തിന്‍റെ പ്രസംഗം നന്നായി ശ്രദ്ധിച്ചു. എന്‍റെ ഉള്ളിൽ അദ്ദേഹത്തോടു വാൽസല്യവും സ്നേഹവും തോന്നി. ഈ മനുഷ്യനു ലോകത്തിന്‍റെ സൗന്ദര്യം കാണാൻ കഴിയുന്നില്ലല്ലോ എന്നും എന്‍റെ ഉള്ളിൽ തോന്നിയ സ്നേഹം പ്രകടിപ്പിക്കണമെന്നും തോന്നി. യഥാർഥത്തിൽ എന്‍റെ മനസ്സിൽ മോദിയോടു സ്നേഹമാണ്,’’ നിറഞ്ഞ കയ്യടികൾക്കിടയിൽ രാഹുൽ പറഞ്ഞു.

രാഹുലുമായുള്ള സംവാദം വിദ്യാർഥികൾ ഏറെ ആസ്വദിച്ചുവെന്നാണ് റിപ്പോർട്ട്. എല്ലാ ചോദ്യങ്ങൾക്കും ലളിതമായി അദ്ദേഹം മറുപടി പറഞ്ഞു. നിങ്ങളെന്നെ രാഹുൽ എന്നു വിളിക്കു എന്നു പറഞ്ഞായിരുന്നു സംവാദത്തിനു രാഹുൽ തുടക്കം കുറിച്ചത്. കയ്യടിച്ചും ആർപ്പുവിളിച്ചും വിദ്യാർഥിനികൾ രാഹുലിനെ വരവേറ്റു. വനിതാ സംവഹണ ബിൽ പാസാക്കുമെന്നും വാഗ്ദാനം ചെയ്തു.