കുവൈറ്റിലെ പ്രവാസികള്‍ക്ക് ഇരുട്ടടി തുടരുന്നു ; ഡ്രൈവിംഗ് ലൈസന്‍സുള്ള വിദേശികളില്‍ നിന്ന് പ്രതിവര്‍ഷം 1200 ദിനാര്‍ ഈടാക്കും

കുവൈത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായി പുതിയ നിര്‍ദ്ദേശവുമായി പാര്‍ലമെന്റ് അംഗം. ഡ്രൈവിംഗ് ലൈസന്‍സുള്ള വിദേശികളില്‍ നിന്ന് പ്രതിവര്‍ഷം 1200 ദിനാര്‍ ഈടാക്കണമെന്ന നിര്‍ദേശമാണ് വച്ചിരിക്കുന്നത്.

വിദേശികള്‍ക്ക് ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശം കഴിഞ്ഞ ആഴ്ചയില്‍ ഗതാഗത വകുപ്പ് സര്‍ക്കാറിന് കൈമാറിയിരുന്നു.അതിന് പിന്നാലെയാണ് ഡ്രൈവിംഗ് ലൈസന്‍സുള്ള വിദേശികളില്‍നിന്ന് പ്രതിവര്‍ഷം 1200 ദിനാര്‍ ഈടാക്കണമെന്ന് എംപി ഖാലിദ് അല്‍ ഒട്ടൈബി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ സ്വദേശി കുടുംബങ്ങളില്‍, ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരെ ഇതില്‍ നിന്നൊഴിവാക്കിയാണിത്.

Loading...

നിര്‍ദേശം നടപ്പാക്കിയാല്‍ റോഡുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവുമെന്നും അതിനോടെപ്പം, അപകടനിരക്ക് കുറയ്ക്കാനാവുമെന്നാണ് എം.പി.യുടെ വാദം. വാഹനബാഹുല്യം താങ്ങാന്‍ രാജ്യത്തെ റോഡുകള്‍ക്കാവുന്നില്ല. പ്രവാസികളുടേതടക്കം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതാണ് ഗതാഗതക്കുരുക്കിനു കാരണം.

അതിനാല്‍,വിദേശികള്‍ക്ക് ഇത്തരത്തിലുള്ള കനത്ത ഫീസ് ഏര്‍പ്പെടുത്തിയാല്‍ വാഹനങ്ങളുടെ എണ്ണം കുറയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. നിലവില്‍, ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാകണമെങ്കില്‍ വിദേശികള്‍ക്ക് കടുത്ത നിബന്ധനകളാണ് ഗതാഗതവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കൂടാതെ, ചില റോഡുകള്‍ ഉപയോഗിക്കുന്നതിന് ടോള്‍ ഏര്‍പ്പെടുത്താനുള്ള പഠനവും അധികൃതര്‍ നടത്തിവരുന്നുമുണ്ട്.