അനില്‍- ബിനീഷ് വിഷയത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്ന് ഫെഫ്ക

കൊച്ചി: അനില്‍ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക. സംഭവത്തില്‍ അനിലിന് ജാഗ്രത കുറവ് ഉണ്ടായെന്നും പ്രശ്‌നം അവസാനിച്ചെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പ്രശ്‌നത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്നും പ്രശ്‌നം ഒത്തുതീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. അനില്‍ രാധാകൃഷ്ണമേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.

Loading...

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്.

തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തിയിരുന്നു.

ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തിയത്.

കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോള്‍, മാസിക പ്രകാശനം ചെയ്യാന്‍ വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നും ബിനീഷിനോട് പറയുകയായിരുന്നു.

എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതിരുന്ന ബിനീഷ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തുകയും നിലത്തിരുന്ന് പ്രതിഷേധിക്കുകയും തനിക്കുണ്ടായ വിഷമം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച ശേഷം മടങ്ങുകയുമായിരുന്നു.

തന്നോടൊപ്പം വേദി പങ്കിടില്ലെന്ന വിവാദ പരാമർശത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മാപ്പ് പറയേണ്ടത് തന്നോടല്ലെന്നും സമൂഹത്തോടാണെന്നും ബിനീഷ് പറഞ്ഞു. ഇന്ന് നടക്കുന്ന സമവായ ചർച്ചയിലൂടെ അനിൽ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്നങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി അനിൽ രാധാകൃഷ്ണ മേനോന്റെ സിനിമയിൽ അഭിനയിക്കാനില്ലെന്നും ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി.

ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനിൽ ഫെഫ്കക്ക് വിശദീകരണം നൽകി. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ നൽകുന്ന വിശദീകരണം.

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോനെതിരെ ഫെഫ്‌ക നിലപാടെടുത്തിരുന്നു.

പാലക്കാട് മെ‍ഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് അനിഷ്ടസംഭവം ഉണ്ടായത്. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടന്ന ഒരു നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനിൽ രാധാകൃഷ്ണ മേനോനെതിരായ ഉയർന്ന ആരോപണം.ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, വേദിയിൽ കുത്തിയിരിക്കുകയും പ്രതിക്ഷേധ സൂചകമായി ഒരു കവിത ചൊല്ലുകയും ചെയ്തു. ഒടുവിൽ കരഞ്ഞുകൊണ്ടാണ് അന്ന് നടൻ വേദി വിട്ടത്.

അതേസമയം ബിനീഷിനെതിരെ ബാലചന്ദ്രമേനോൻ രംഗത്തെത്തി. ബിനീഷ് പൊതുവേദിയില്‍ നടത്തിയ പ്രതിഷേധം അണ്‍പാര്‍ലിമെന്ററിയാണെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. അഭിനയിക്കുന്ന ആ ചെറുപ്പക്കാരനെ എല്ലാവരും അറിയാന്‍ ഈ സംഭവം വഴിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.