ബെൽജിയത്തിന്റെ അപ്രതീക്ഷിത തോൽവി; വാഹനങ്ങൾ കത്തിച്ച് ആരാധകർ

ബ്രസൽസ്: ലോകകപ്പിൽ ബെൽജിയത്തിന്റെ അപ്രതീക്ഷിത തോൽവിയിൽ അരിശംപൂണ്ട് അക്രമാസക്തരായി ആരാധകർ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മൊറോക്കോയോടാണ് ബെൽജിയം ഇന്നലെ പരാജയപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ചാണ് ആരാധകർ അക്രമവുമായി തെരുവിൽ ഇറങ്ങിയത്. ബ്രസൽസിൽ തെരുവിൽ ഇറങ്ങിയ ആരാധകർ ഒരു കാറും ഇലക്ട്രിക് സ്‌കൂട്ടറുകളും കത്തിച്ചു.

ബ്രസൽസിൽ ഒന്നിലധികം സ്ഥലങ്ങളിൽ രോഷാകുലരായ ആരാധകർ അക്രമം നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മൊറോക്കോയുടെ പതാകയും ചിലയിടങ്ങളിൽ നശിപ്പിച്ചു. പ്രാദേശിക സമയം രാത്രി ഏഴ് മണിയോടെ സംഘർഷം നിയന്ത്രിച്ചതായും പ്രശ്‌ന ബാധിത മേഖലകളിൽ കൂടുതൽ പട്രോളിങ് ഏർപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ജലപീരങ്കിയും ടിയർഗ്യാസും വരെ പോലീസിന് പ്രയോഗിക്കേണ്ടി വന്നു.

Loading...

തോൽവിയോടെ ഗ്രൂപ്പ് എഫിൽ ബെൽജിയം മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. നാല് പോയിന്റുകൾ വീതമുളള ക്രോയേഷ്യയും മൊറോക്കോയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബെൽജിയത്തിന് മൂന്ന് പോയിന്റ് മാത്രമാണുളളത്. അക്രമികളെ ബ്രസൽസ് പോലീസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അക്രമം നടത്തിയവർ ഫുട്‌ബോൾ ആരാധകരല്ലെന്നും അവർ കലാപകാരികളാണെന്നും ബ്രസൽസ് പോലീസ് വക്താവ് പറഞ്ഞു.