ചുവക്കുന്ന കവിളുകളും നിറപുഞ്ചിരിയിൽ വജ്രശോഭ നിറയുന്ന അധരങ്ങളും ഉള്ള സ്ത്രീ … എന്റെ ആമിയെ വർണ്ണിക്കാൻ അക്ഷരങ്ങളിൽ  ഇനിയും കമലം വിടരേണ്ടിയിരിക്കിന്നു

ആമി … ഞാൻ ഏറ്റവും സ്നേഹിച്ച ആരാധിച്ച അന്ധമായി പ്രണയിച്ച എന്റെ ആമി . തുറന്നെഴുത്തുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പുകൂട്ടിയ കരുത്തയായ സ്ത്രീ . കിടപ്പറയിലെ വീർപ്പുമുട്ടലും  തന്റെ അസംതൃപ്തിയും ഭർത്താവിന്റെ ഭ്രാന്തമായ തൃഷ്ണയും മറച്ചുവയ്ക്കാതെ വിളിച്ചുപറഞ്ഞ സ്ത്രീ … നീര്മാതള മരത്തിനു അന്നോളമില്ലാതിരുന്ന വശ്യത അക്ഷരങ്ങളാൽ വരച്ചു കാട്ടിയ സ്ത്രീ …നീർമാതളവും പുന്നയൂർകുളവും പ്രണയമൂർത്തിയായ കൃഷ്ണനെയും വായനക്കാരിൽ ഒരു വികാരമായി പടർത്തിയ സ്ത്രീ .വശ്യമായ പരൽമീൻകണ്ണുകളും പ്രണയത്തുടുപ്പിനാൽ ചുവക്കുന്ന കവിളുകളും നിറപുഞ്ചിരിയിൽ വജ്രശോഭ നിറയുന്ന അധരങ്ങളും ഉള്ള സ്ത്രീ … എന്റെ ആമിയെ വർണ്ണിക്കാൻ എന്റെ അക്ഷരങ്ങളിൽ  ഇനിയും കമലം വിടരേണ്ടിയിരിക്കിന്നു: എഴുതിയത്: ഫിജോ ഹാരിസ്

സ്‌കൂൾ പഠനകാലത്തു ഒളിച്ചുവായിച്ച “”എന്റെ കഥ””യിലെ അശ്ലീലം ഇന്നലെ ഞാൻ നേരിൽ കണ്ട ആമിയിലില്ലായിരുന്നു . അവിടെ ഞാൻ കണ്ടത് കരകാണാത്ത ആഴിയിൽ നീന്തിത്തുടികെ കരയിൽ പിടിച്ചിട്ട നിസ്സഹായയായ മീൻകുഞ്ഞിനെയാണ് . ചിത്രംവരക്കാൻ പഠിപ്പിക്കാനെത്തുന്ന കോമളനായ യുവാവിനോടുള്ള ആദ്യ  പ്രണയം കൽക്കട്ട തെരുവിലെ വിപ്ലവത്തിലെ മഴയിൽ മാഞ്ഞുപോകുന്നതു ഞാനിന്നലെ നേരിൽ കണ്ടു …അവൾ പോലുമറിയാതെയവളുടെ പ്രണയമാ കാലാൾ വണ്ടിയിലതിർത്തികടന്നു ..കൽക്കട്ട തെരുവിലെ ലഹളയിലെ അഗ്നിയിലും ആമിയെ തണുപ്പിക്കാനെന്നപോലെത്തിയ മഴയിലും ആ പ്രണയവും അലിഞ്ഞുപോയീ .കണ്ണനെയും നീര്മാതളത്തെയും മാത്രമറിയുന്ന പൊട്ടിപെണ്ണെത്ര വേഗമാണ് ദാസിന്റെ പത്നിയായതു . “”നീര്മാതളപ്പൂവിനുള്ളിൽ നീഹാരമായി “”എന്ന് തുടങ്ങുന്ന ഗാനം ആമിയുടെ ആത്മാവിന്റെ സംഗീതമായാണ് ഞാൻ ആസ്വദിചത് .

വിവാഹമണ്ഡപത്തിൽ ദാസിനെകാണുമ്പോൾ തന്റെ കണ്ണനാണീ  ജീവിതപങ്കാളിയെന്നു നിഷ്കളങ്കമായി  പ്രതീക്ഷിച്ച ആമിക്  ആദ്യരാത്രിയിൽ പൂക്കൾക്കൊപ്പം ചതഞ്ഞുവീണതാ പ്രതീക്ഷകൂടിയായിരുന്നത് എത്ര   ഭംഗിയായാണ് സംവിധായകൻ തുറന്നുകാട്ടിയതു .ബോംബെയിൽ ദാസിനൊപ്പമാരഭിച്ച ജീവിതയാത്രയിൽ  എട്ടും പൊട്ടുമറിയാത്ത കമലക്കു ലൈംഗീകത പഠിപ്പിക്കാൻ ലൈംഗീക തൊഴിലാളിയെ ഏർപ്പെടുത്തിയ ദാസിനെ വിമർശിച്ചവരോടൊന്നു ചോദിക്കാതെ വയ്യ .പ്രായക്കുറവുള്ള കമലക്കു ഭർത്താവിനോടെങ്ങനെ കിടപ്പറയിൽ പെരുമാറണമെന്ന് പിന്നെയാരെക്കൊണ്ടാണ് ദാസിന് പറഞ്ഞു കൊടുപ്പിക്കാനാവുക . നാലപ്പാട്ടെ പെൺകൊടിയുടെ കുറ്റം ഇരുചെവിയറിയാതെ തനിക്കാകും വിധം പരിഹരിക്കാൻ ശ്രമിച്ച ദാസിനെ നെഗറ്റിവ് ആയി കാണാൻ ആമിയെ സ്നേഹിച്ചവർക്കാകില്ല ആമിക്കുമാകുമായിരുന്നില്ല .ഭോഗാനന്തരം  തന്നെ ദാസിന്റെ കൈകൾ ചുറ്റിപിടിച്ചെങ്കിലെന്നും തന്റെ വയറിലയാളുടെ കൈകളൊന്നു വച്ചെങ്കിൽ  എന്നാഗ്രഹിച്ച കമലക്കു അത് ഒരിക്കലെങ്കിലും ദാസിനോട് പറയാമായിരുന്നില്ലേ എന്നൊരു ചോദ്യം ബാക്കിയുണ്ട് പക്ഷെ കഥയിൽ ചോദ്യമില്ലല്ലോ . കിടപ്പറയിൽ ഭർത്താവിനു മുന്പിലെത്താൻ അണിഞ്ഞൊരുങ്ങാനായി വേശ്യാസ്ത്രീയുടെ ഉപദേശത്തിൽ ആണെങ്കിലും ആമിയുടെ നെറ്റിയിലണിഞ്ഞ ആ  വലിയ ചുവന്ന പൊട്ടും കടുംനിറമുള്ള ചേലയും നിറയെ ആഭരണങ്ങളും ആമിയെ പിൽക്കാലത്തു കൂടുതൽ സുന്ദരിയാക്കിയത് അംഗീകരിക്കാതെ വയ്യ . ആ ഉപദേശത്തിലാണ് കമലാസുരയ്യക്ക് മുൻപ് നാം കണ്ട ചുരുൾ മുടികൾ പടർത്തിയിട്ടായാ മാധവികുട്ടിയുണ്ടായതെന്നു മറക്കരുത് . “”ബെഡ്‌റൂം സീക്രട്ട്സ് “” അടക്കം കമല എഴുതുമ്പോൾ എതിർവാക്കില്ലാതെ അവർക്കൊപ്പം നിന്ന ദാസിനെ എങ്ങനെ ആണ് നമുക്കു വിമർശിക്കാനാവുക .

സ്വന്തം തൃപ്തി മാത്രം നോക്കുന്ന ദാസിനെക്കുറിച്ചു കമലാ എഴുതിയതും അതിനെയൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിലുൾക്കൊണ്ടു കമലക്കൊപ്പം നിന്ന ദാസിനെ ഉത്തമഭർത്താവെന്നു വിളിച്ചില്ലെങ്കിലും ക്രൂരകഥാപാത്രമായി അപമാനിക്കാൻ എനിക്ക് കഴിയില്ല . ഇറ്റലിക്കാരനായ കാർലോക്കൊപ്പം പോകാൻ മനസ്സില്ലാതെ എനിക്കെന്റെ ദാസേട്ടനും മക്കളും മതിയെന്ന കമലയുടെ തീരുമാനം  നമ്മെ വീണ്ടും ചിന്തിപ്പിക്കും കമലയുടെ പല പ്രണയവും പുരുഷസുഹൃത്തുക്കളും സങ്കല്പനകൾ തന്നെയായിരുന്നുവെന്ന് . കമലക്കും ദാസിനുമിടയിൽ കിടപ്പറയിൽ മാത്രമാണ് പ്രണയമില്ലാതിരുന്നത് .മരണകിടക്കയിൽ കമലാ നീയെന്റെ കുറവുകളെയുൾക്കൊണ്ട ഉത്തമഭാര്യയായിരുന്നുവെന്ന ദാസിന്റെ കുറ്റസമ്മതം അവർക്കിടയിൽ അകൽച്ചകളില്ലായിരുന്നുവെന്നതിന്റെ തെളിവല്ലേ .നീയെന്റെ മക്കളെ പ്രസവിച്ചു നന്നായി വളർത്തിയെന്ന ദാസിന്റെ വാക്കുകൾ തന്നെയാണ് പിന്നീട് ലോകം ആമിയെ തലക്കു നൊസ്സുള്ള സ്ത്രീയെന്ന വിളിച്ചതിനുള്ള മറുപടി . മരണപ്പെട്ട ദാസിനടുത്തുനിന്നു മക്കളെയടക്കം പറഞ്ഞയച്ചു “”ഈ ഒരു രാത്രികൂടയല്ലേ ദാസേട്ടൻ എനിക്കൊപ്പമുള്ളൂ””വെന്നു പറഞ്ഞു  അയാൾക്കൊപ്പം ചേർന്ന് കിടക്കുന്ന ആമി മറ്റാരെയും കാൾ പ്രണയിച്ചത് ദാസിനെ തന്നെയല്ലേ എന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞില്ലെന്നു പറയാനാകുമോ  .

എന്റെ പെന്ഷന്കാലം കമലയുടെ കാവൽക്കാരനായി തന്നെയാവട്ടെ എന്ന ദാസിന്റെ വാക്കുകൾ കമലയോടെന്നോ ചെയ്ത തെറ്റുകൾ ഉൾക്കൊണ്ടിട്ടുള്ള  പ്രായശ്ചിത്തത്തിന്റെ ധ്വനി മുഴങ്ങുന്നതായിരുന്നില്ലേ . കമലയേക്കാൾ വെള്ളിത്തിരയിൽ പ്രേക്ഷകരെ ആകർഷിച്ചത് മുരളിഗോപിയിലൂടെ പുനർജനിച്ചു ദാസ് തന്നെയായിരുന്നുവേന്ന് കരുതേണ്ടിയിരിക്കുന്നു . ആമിയുടെ ഏകാന്തതയിൽ കൂട്ടുവന്ന കൃഷ്‌ണന്റെ പുഞ്ചിരിയിലാകെ പ്രണയമായിരുന്നു ആർദ്രമായ ആ മിഴികളിൽ ആമിയെ പ്രണയോന്മത്തയാക്കാൻ പോന്ന വശ്യതയും  ഉണ്ടായിരുന്നു . കൃഷ്‌ണന്റെ പ്രണയഭാജനമായി ഞാൻ മാത്രം മതിയെന്ന കമലയുടെ പരിഭവം തന്നെമാത്രമായി  പ്രണയിക്കുന്നയൊരാളെക്കുറിച്ചുള്ള തീവ്രമായ ആത്മദാഹത്തിൽ നിന്നുണ്ടായതാണെന്നു സമ്മതിക്കാതെ തരമില്ല . കൃഷ്ണനായി വന്ന ടോവിനോയുടെ അഭിനയത്തെ അഭിനന്ദിക്കാതെയും വയ്യ . ദാസിന്റെ വിയോഗത്തിനിപ്പുറം ആദ്യമായി ആഘോഷിക്കുന്ന പിറന്നാളിൽ അമ്പലമുറ്റത്തു വച്ചു വിധവയെന്നും ദുശ്ശകുനമെന്നും വിളിക്കപ്പെട്ടു  അപമാനിക്കപ്പട്ട കമലക്കു ആ സംഭവം അന്നോളം താൻ പിന്തുടർന്ന സമുദായത്തെ തള്ളിക്കളയാനുള്ള ആദ്യ പ്രേരണയതും ദാസ് ഒപ്പമുള്ളപ്പോൾ കമല അനുഭവിച്ച സുരക്ഷിത്വത്തിന്റെ അഭാവം ഞൊടിയിട കൊണ്ട്  കമലാ തിരിച്ചറിഞ്ഞതും നേരിൽ നമുക്കു കണ്ടറിയാനായി .

ആ വേദനയിൽ, അല്ല ആ മുറിവിൽ വീണ തൈലം പോലെ പ്രണയത്തിന്റെ വരികളുമായി പടികടന്നെത്തിയ ആരാധകനായ അക്ബറലിയുടെ ഉറുദു ഗസലുകളിൽ കമല സ്വയം മറന്നതിനെ നാമെങ്ങനെ കുറ്റപ്പെടുത്തും.  അമ്പലാമുറ്റത്തു അപമാനിക്കപ്പെട്ട കമലയുടെ കാൽചുവട്ടിലിരുന്നോട്ടെയെന്നു അപേക്ഷിക്കുന്ന അക്ബർ അലിയിൽ ഒരു സ്വാന്തനം കമല കണ്ടെങ്കിൽ എങ്ങനെ തെറ്റുപറയും . പിറന്നാളിന് മഞ്ഞപ്പട്ടു സമ്മാനിച്ച അക്ബറിനോട് കമലക്കു തോന്നിയതു പ്രണയമോ വിദേയത്വമോ എന്ന് എങ്ങനെ വേർതിരിക്കും . ദാസേട്ടന്റെ മരണശേഷം മനസിനെ നിറക്കുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന പുരുഷ സുഹൃത്തിൽ നിന്നൊരു സാംരക്ഷണം കമല പ്രതീക്ഷിച്ചിട്ടുണ്ടാവണം . ആ പ്രതീക്ഷയാണ് കമല ദാസിൽ നിന്ന് കമലാസുരയ്യയിലേക്കു അവരെ നടത്തിയതെന്ന് പറയാതെ വയ്യ അക്ബറിനു രണ്ടു ഭാര്യമാരുണ്ടല്ലേ എന്ന ചോദ്യത്തിന് സംരക്ഷിക്കാനും     തൃപ്തിപ്പെടുത്താനും കഴിവുണ്ടെന്നുള്ള മറുപടിയിലേ അക്ബർ അലിയുടെ ആൺ അഹങ്കാരത്തിനു  കമലക്കു മതിപ്പു തോന്നിയെങ്കിൽ അവരെ കബളിപ്പിക്കാനുള്ള അക്ബർ അലിയുടെ കുറുക്കൻ ബുദ്ധി ആയി തന്നെയാണ് എനിക്ക് മനസിലായത് .

ശാന്തമായ നിലാവുള്ള രാത്രിയെ കുറിച്ച് വർണ്ണിച്ചു അക്ബർ അലി കമലയെ തന്റെ പുഴക്കരയിലെ സ്വർഗത്തിലേക്ക് ക്ഷണിച്ചപ്പോൾ പോലും ആരാധകന്റെ നിഷ്കളങ്കതക്കു അപ്പുറം ചതിച്ചു വീഴ്ത്താനുള്ള കൂർമബുദ്ധിയെക്കുറിച്ചു തിരിഞ്ഞൊന്നു ചിന്തിക്കാതെ വയ്യ . കമലക്കു തന്നെ തന്നെ  കൈവിട്ടുപോയ പുഴക്കരയിലെ ബംഗ്ലാവിലെ ആ രാത്രി സംവിധായകന്റെ ഭാവന ആണെങ്കിൽ പോലും ആരാധകവൃദ്ധത്തിനു കമലാദാസിൽ നിന്ന് കമലാസുരയ്യയിലേക്കുള്ള ആമിയുടെ വേഷപ്പകർച്ചയെ കരളിൽ ഈർച്ചവാൾ പോലെ തറക്കുന്ന വേദനയിലും ആമിയുടെ  നിസഹായതയെ ഉള്കൊള്ളിക്കാനായി . നിങ്ങളുടെ സമുദായത്തിൽ ആരുമെന്നെ വിധവ എന്ന് വിളിക്കില്ലല്ലോ അല്ലെ എന്ന ചോദ്യം , എന്റെ മാറ്റം അക്ബർ നു പ്രശ്നങ്ങളുണ്ടാക്കുമോയെന്ന ചോദ്യവും ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നുവെന്ന അക്ബറലിയുടെ ഉത്തരവും മാത്രമാണ് കമലാദാസിന് കമലാസുരയ്യയിലേക്കും ചുവന്ന  വലിയ വട്ടപൊട്ടിൽ  നിന്നും  കറുത്ത മുഖപടത്തിലേക്കും ഉള്ള വഴി തുറന്നതു . കമലദാസിന്റെ എഴുതുകളിലെ സ്വാതന്ത്ര്യത്തിനു കമലസുരയ്യയുടെ സമുദായം കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നതിൽ നിന്നാണ് ഒരിക്കലും രക്ഷപ്പെടാനാവാതെ പത്മവ്യൂഹത്തിലകപ്പെട്ടുവോയെന്ന് കമല ചിന്തിച്ചത് .

അല്ലാഹുവിൽ വിശ്വസിക്കുന്ന ,സംരക്ഷിക്കാനും തൃപ്തിപ്പെടുത്താനും കഴിവുണ്ടെന്ന് കമല കരുതിയ , പുരുഷത്വത്തിന്റെ പ്രതീകമെന്നു കമല തെറ്റിധരിച്ച  അക്ബർ അലി കമലയുടെ മതം മാറ്റത്തിൽ വർഗീയ കലാപമുണ്ടാകുമോയെന്ന ഭയാകുന്നുവെന്നും എന്നോട് ക്ഷമിക്കണമെന്നും  ഒറ്റവാക്കിൽ പറഞ്ഞു തീർത്തു ഭീരുവായി മടങ്ങിയ നിമിഷമാണ് കമലാസുരയ്യക്ക് തന്റെ തീരുമാനങ്ങൾ മഠയത്തമായൊന്ന് ചിന്തിക്കേണ്ടി വന്നത് എന്നു ഉറപ്പാണ് . അസംതൃപതമായ തന്റെ ലൈംഗീകതയെക്കുറിച്ചും ഭ്രാന്തമായ പ്രണയത്തെക്കുറിച്ചും മറകളില്ലാത്ത പുരുഷസുഹൃത്തുക്കളുമായുള്ള ജീവിതത്തെ കുറിച്ചു യാഥാർഥ്യമോ സങ്കല്പമോ ആവട്ടെ അത്  തുറന്നെഴുതിയ   കമലക് തണലായി  സ്വസമുദായത്തിന്റെ പിറുപിറുക്കലും അഭിപ്രായഭിന്നതകളും ഭീഷണിയും ധൈര്യമായി നേരിട്ട ദാസിനെ കമല ആ നിമിഷം തിരികെ ആഗ്രഹിച്ചിട്ടുണ്ടാവും . ഇസ്ലാമിൽ വന്ന സമയം മുതൽ   കമലയുടെ തൂലികക്ക് മേൽ കരിനിഴലായി  വീണ ചട്ടകൂടുകളെ ശപിക്കാൻ പോലുമാവാത്ത നിസഹായതയിൽ വീണു പിടഞ്ഞിട്ടുണ്ടാവണം . ഞാനിന്നലെ തിരശീലയിൽ കണ്ടതു മരണസമയമായപ്പോൾ കൂട്ടം വിട്ടു കാട്ടിലേക്കുൾവലിഞ്ഞ കാട്ടാനയെ അല്ല . ആഴിയിൽ നിന്ന് കരക്കുപിടിച്ചിട്ടിട്ടു  ശ്വാസം മുട്ടിപിടയുന്നൊരു സ്വർണ്ണ മീനിനെയാണ് . അന്നോളം അംഗീകരിക്കപ്പെട്ട സമൂഹത്തിന്റെ ചോദ്യശരങ്ങളെ അഭിമുഖീകരിക്കാനാവാതെ നാടുവിട്ടു പലായനം ചെയ്ത അഭയാർത്ഥിയെയാണ് . സ്വവർഗ്ഗരതികാരനായ സുഹൃത്തിനെ ദാസിനൊപ്പം കണ്ടപ്പോൾ കമല വീണുപോയ വിഷാദശയ്യയെക്കാൾ  അക്ബർ അലിയുടെ തിരസ്കരണത്തിൽ തമസ്കരിക്കപ്പെട്ടു ഏകാന്തതയുടെ ആഴത്തിൽ വീണുപോയ കമലേയെയാണ്  . ആമിയെ വരച്ചു കാണിക്കുമ്പോൾ പ്രേക്ഷകനെ കരയിക്കാനും ആർദ്രമാക്കാനും കഴിയുന്ന പതിവ് കമൽ മാജിക് വേണ്ടുവോളം ആമിയിൽ പ്രകടമായപ്പോളും ഞാൻ തിരഞ്ഞതാ ചൈതന്യമുള്ള ആമിയുടെ പരൽമീൻ മിഴികളെ ആയിരുന്നു .

പ്രണയവും കോപവും മൂലവും ചുവന്നു തുടുക്കുന്നയാ കവിളുകളേ ആയിരുന്നു പുഞ്ചിരിക്കുമ്പോൾ വശ്യമാകുന്നയാ വിടർന്ന ചുണ്ടുകളെ ആയിരുന്നു …  അവിടെ മാത്രം കമലിന് തെറ്റിയെന്ന് പറയാതെ വയ്യ . മഞ്ചുവിനു  ആമിയുടെ വേഷപ്പകർച്ചയെ സ്വാഭാവികതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് എന്നിലെ ആരാധികക്ക് വേദനയോടെ പറയേണ്ടി വരുന്നു  . മഞ്ചുവിന്റെ സംഭാഷണങ്ങളിലേ നാടകീയത  എന്റെ ആമിക് ചേർന്നതായിരുന്നില്ല  .. മഞ്ചുവിന്റെ വിടരാത്ത കണ്ണുകളെ വിടർത്താൻ ശ്രമിച്ചപ്പോൾ ഒരുവേളയെന്റെ ആമിയുടെ മിഴികളുടെ വശ്യത കൈമോശം വന്നു . സത്യം തുറന്നു പറഞ്ഞെഴുതുന്ന അവലോകനങ്ങൾ ഫേസ്ബുക്കിനെ കൊണ്ട് നീക്കം ചെയ്യിക്കുന്നത് ഭീരുത്വമാണെന്നേ ആമിയുടെ അണിയറ പ്രവർത്തകരോട് ഇപ്പോൾ പറയാൻ ഉള്ളു .. തെറ്റിനെ തെറ്റായും ശരിയെ ശരിയായും അണിയറപ്രവർത്തകരെ നിങ്ങൾ ഉൾകൊണ്ടേ മതിയാകു . ആരാധകന്റെ പ്രേക്ഷകന്റെ സ്വാതന്ത്ര്യമാണ് നിങ്ങളുടെ കലാവിഷ്കാരത്തിന്റെ തെറ്റുകളെയും ശരികളെയും ചൂണ്ടിക്കാണിക്കുക എന്നത് . പരിഭവിച്ചിട്ടോ എതിർത്തിട്ടോ കാര്യമില്ല

Top