ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി; വിഴിഞ്ഞം സംഘര്‍ഷം ഗൂഢലക്ഷ്യത്തോടെ

തിരുവനന്തപുരം. വിഴിഞ്ഞം സംഘര്‍ഷം ഗൂഢലക്ഷ്യത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തമായ ഗൂഢലക്ഷ്യത്തോടെ നാടിന്റെ സൈര്യം കെടുത്തുവാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് ഭീഷണിക്ക് പുറമേ വ്യാപകായി ആക്രമണവും നടക്കുകയാണ്. അക്രമികളുടെ ലക്ഷ്യം എന്താണെന്ന് പോലീസ് വിവേകത്തോടെ തിരിച്ചറിഞ്ഞു.

പോലീസിന്റെ ധീരമായ നിലപാട് കൊണ്ടാണ് അക്രമികളുടെ ലക്ഷ്യം നടക്കാതെ പോയതെന്നും അദ്ദേഹം പ്രതികരിച്ചു. വിഴിഞ്ഞം സംഘര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. അതേസമയം വിഴിഞ്ഞത്ത് മാര്‍ച്ച് നടത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ശശികല അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. തുറമുഖ വിരുദ്ധ സമരത്തിനെതിരെ ഇന്നലെയായിരുന്നു മാര്‍ച്ച്.

Loading...

വിഴിഞ്ഞം സംഘര്‍ഷത്തില്‍ സമരസമിതി കണ്‍വീനര്‍ ഫാ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ എഫ്ഐആര്‍. ഗുരുതര പരാമര്‍ശങ്ങളാണ് എഫ്ഐആറില്‍ പറയുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ഫാ തിയോഡേഷ്യസ് ശ്രമിച്ചെന്നും മന്ത്രി വി അബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നും എഫ്ഐആറില്‍ പറയുന്നു. അബ്ദുറഹിമാനെതിരായ പരാമര്‍ശം വിവാദമായതിനു പിന്നാലെ ഫാ തിയോഡേഷ്യസ് അതു പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നാലെ ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. ഐഎഎന്‍എല്ലിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാന ജന സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നല്‍കിയത്.