വരവില്ല, ചെലവേറുന്നു… സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി, ട്രഷറി നിയന്ത്രണം കടുപ്പിച്ചു

Srinagar: A bank employee counting new Rs 2000 notes before issuing to the customers in Srinagar on Thursday. PTI Photo by S Irfan(PTI11_10_2016_000222B)

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ധനവകുപ്പ് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ട്രഷറിയില്‍ പണം കുറവായതിനാല്‍ ഓവര്‍ ഡ്രാഫ്റ്റായി ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കാനാണ് കടുത്ത നിയന്ത്രണം.

കേരളത്തിലും മാന്ദ്യം പിടിമുറുക്കുന്നുവെന്ന സൂചനയോടെ കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ചരക്ക്-സേവന നികുതിയുടെ (ജി.എസ്.ടി.) പരിധിയിൽ വരാത്ത മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽനിന്നുള്ള നികുതിവരുമാനം കുറഞ്ഞു.

Loading...

മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ 740 കോടി രൂപയുടെ കുറവാണ് ഈയിനത്തിലുള്ളത്. മാന്ദ്യം സംസ്ഥാനത്ത് പിടിമുറുക്കുന്നതിന്റെ സൂചനയായി ധനവകുപ്പ് ഇതിനെ വിലയിരുത്തുന്നു.

സാധാരണ ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ വിതരണത്തിന് മുന്നോടിയായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അത്യാവശ്യ ചെലവുകള്‍ക്ക് ഒഴികെയുള്ള ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവുകള്‍ക്ക് പണം ലഭിക്കില്ല. അത്യാവശ്യമുള്ള 31 ഇനം ചെലവുകള്‍ മാത്രമേ അനുവദിക്കൂ. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊതു ആവശ്യത്തിനുള്ള ഫണ്ടില്‍നിന്നുമാത്രമേ പണം ചെലവിടാനാവൂ.

ശമ്പളം, പെന്‍ഷന്‍, മെഡിക്കല്‍ ബില്ലുകള്‍, ശബരിമല ചെലവുകള്‍, ഇന്ധന ചെലവുകള്‍, ദുരന്ത ലഘൂകരണ ഫണ്ട്, ലൈഫ് മിഷന്‍ തുടങ്ങിയ 31 ഇനം ചെലവുകളാണ് അനുവദിക്കുക. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിനും നിയന്ത്രണമുണ്ട്.

നേരത്തെ, എത്ര കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് മാത്രമേ ധനവകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധന വച്ചിരുന്നുള്ളു.

എന്നാല്‍, അഞ്ചുലക്ഷത്തില്‍ താഴെയുള്ള ബില്ലുകളും മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ്.

ഏപ്രിൽ മുതൽ സെപ്റ്റംബർവരെ ആറുമാസം സംസ്ഥാനത്തെ വാണിജ്യനികുതിവരുമാന വളർച്ച നാമമാത്രമാണ്. 20 ശതമാനം വളർച്ച ലക്ഷ്യമിട്ട് ആസൂത്രണംചെയ്ത ചെലവുകളാകട്ടെ നിയന്ത്രിക്കാനാവുന്നില്ല. ദൈനംദിന ചെലവുകൾക്ക് റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി പണമെടുക്കേണ്ട സ്ഥിതിയാണ്. ഈയിടെ പലഘട്ടത്തിലും ട്രഷറി ഓവർ ഡ്രാഫ്റ്റിലുമായി.

ഈമാസം സ്ഥിതി അങ്ങേയറ്റം രൂക്ഷമാണ്. രണ്ടുദിവസം ഓവർ ഡ്രാഫ്റ്റിലായി. പതിവ് ചെലവുകൾക്കുപുറമേ 1994-ലെടുത്ത ഒരു വായ്പയുടെ മുതൽ ഇനത്തിൽ 2200 കോടി അടയ്ക്കേണ്ടിവന്നതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

പണത്തിന് ഞെരുക്കമുള്ളപ്പോൾ ദൈനംദിനപ്രവർത്തനങ്ങൾക്ക് ‘വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ്’ എന്നനിലയിൽ റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി 1500 കോടിരൂപവരെ എടുക്കാനാകും. ഇതിൽക്കൂടുതലെടുത്താൽ ഓവർ ഡ്രാഫ്റ്റാവും. മുൻകൂറായി എടുത്ത മൊത്തം തുക 14 ദിവസത്തിനകം അടച്ചില്ലെങ്കിൽ ട്രഷറി സ്തംഭിക്കും.

എന്നാൽ, പരമാവധി അഞ്ചുദിവസത്തിനകം ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാൻ കഴിയുന്നതിനാൽ ട്രഷറി സ്തംഭിക്കുന്ന സാഹചര്യമില്ല. ട്രഷറിയിലെ ഇടപാടുകൾ ഭാവിയിലും സ്തംഭിക്കില്ലെന്ന് ധനവകുപ്പ് പറയുന്നു.

തങ്ങൾ നിസ്സഹായരാണെന്നാണ് ധനവകുപ്പിന്റെ വാദം. ജി.എസ്.ടി.യിൽനിന്ന് ഇപ്പോൾ മാസം ശരാശരി 1600 കോടിരൂപയാണ് കേരളത്തിന് കിട്ടുന്നത്. കിട്ടേണ്ടതിലും 500 കോടിയെങ്കിലും കുറവ്. ജി.എസ്.ടി. വരുമാനത്തിലെ മാന്ദ്യം കേരളത്തിൽ മാത്രമല്ല, രാജ്യമാകെയുണ്ട്.

ട്രഷറിയിൽ മുൻകാലത്തുണ്ടായിരുന്ന നിക്ഷേപങ്ങളും മറ്റും വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ ഈ വർഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായി. 6000 കോടിരൂപയുടെ കുറവാണ് കേരളം നേരിടുന്നത്.

പുനർനിർമാണത്തിന് കേരളം ലോകബാങ്കുപോലുള്ള ഏജൻസികളിൽനിന്നെടുക്കുന്ന വായ്പകളും ഈ പരിധിയിൽ ഉൾപ്പെടുത്തിയാൽ പൊതുആവശ്യങ്ങൾക്ക് വായ്പയെടുക്കാനാവാതെ വരും. ആശങ്ക ഒഴിവാക്കാൻ വീണ്ടും കേന്ദ്രത്തെ സമീപിക്കും.