മൃഗശാലയിലെ ഗോറില്ലകള്‍ക്ക് ചുമയും പനിയും; പരിശോധിച്ചപ്പോള്‍ കൊവിഡ്

സാന്റിയാഗൊ: ഗോറില്ലകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാന്റിയാഗൊ മൃഗശാലയിലെ സഫാരി പാര്‍ക്കിലുള്ള എട്ട് ഗോറില്ലകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഈമാസം ആദ്യവാരം രണ്ടു ഗൊറില്ലകള്‍ക്ക് ചുമയും പനിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.

ഗോറില്ലകള്‍ക്ക് ചെറിയ ശ്വാസതടസവും ചുമയും ഉണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതി ഗുരുതരമല്ല. ഇവയെ ക്വാറന്റീന്‍ ചെയ്‌തിട്ടുണ്ടെന്ന് മൃഗശാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ പീറ്റേഴ്‌സണ്‍ അറിയിച്ചു. മൃഗശാലയിലെ മറ്റ് മൃഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

Loading...

കൊവിഡ് ബാധിതനായ മൃഗശാലയിലെ ജീവനക്കാരനില്‍ നിന്നാകാം ഗോറില്ലകള്‍ക്ക് രോഗം ബാധിച്ചതെന്നാണ് സൂചന. യുഎസില്‍ ഗോറില്ലകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ സംഭവമാണിത്. നേരത്തെ പൂച്ച, പട്ടി എന്നിവയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.