വോട്ടു ചെയ്ത് ദിവസങ്ങള്‍ക്കു ശേഷം കൈ പൊള്ളി.. പയ്യന്നൂരിലെ വീട്ടമ്മയുടെ അനുഭവം ഇങ്ങനെ

പയ്യന്നൂര്‍: വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി പുരട്ടിയ യുവതിയുടെ കൈ പൊള്ളി. കണ്ടോന്താറിലെ കെ.ബിന്ദുവിന്റെ വിരലുകളാണ് പൊള്ളിയത്. തള്ളവിരലിന് മഷി പുരട്ടിയപ്പോള്‍ അത് ചൂണ്ടുവിരലിനും നടുവിലെ വിരലിനും തട്ടിയിരുന്നു. അടുത്ത ദിവസം രാവിലെ ഈ വിരലുകളുടെ ഭാഗത്ത് പൊള്ളല്‍ ഉണ്ടാകുകയായിരുന്നു. ബിന്ദുവിനെ കുടാതെ മറ്റ് ആളുകള്‍ക്കും വോട്ട് മഷിയില്‍ നിന്നും പൊള്ളലേറ്റ വാര്‍ത്ത മുന്‍പ് പുറത്തുവന്നിരുന്നു. മഷിപുരട്ടുന്നതിനിടെ കാപ്പാട് കൃഷ്ണവിലാസം യുപി സ്‌കൂളിലെ അധ്യാപകനായ എ ആല്‍ബിന്റെ വിരലുകള്‍ക്കും പൊള്ളലേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് ആല്‍ബിന്റെ മാതാപിതാക്കള്‍.

സില്‍വര്‍ നൈട്രേറ്റാണ് വോട്ടിംഗ് മഷിയിലെ പ്രധാന ഘടകം.അടയാളം നീണ്ടുനില്‍ക്കേണ്ട സമയപരിധി അനുസരിച്ച് മഷിയില്‍ പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ സില്‍വര്‍ നൈട്രേറ്റ് ചേര്‍ക്കുന്നു. ഈ സില്‍വര്‍ നൈട്രേറ്റ് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യത്തില്‍ നഖത്തിലും ത്വക്കിലും ഉണങ്ങിപ്പിടിക്കുന്നു. തല്‍ഫലമായി ഉണ്ടാകുന്ന അടയാളം രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ മായാതെ നില്‍ക്കുന്നു. തൊലിപ്പുറത്തെയും നഖത്തിലെയും കോശങ്ങള്‍ നശിച്ച് പുതിയവ രൂപപ്പെടുന്നതു വരെയും അടയാളം നീണ്ടു നില്‍ക്കാറുണ്ട്