‘കാട്ടില്‍ കഴിയേണ്ട തൊട്ടുകൂടാന്‍ പറ്റാത്ത വൃത്തികെട്ട ജീവികള്‍’; ആദിവാസി വിഭാഗത്തിനെതിരെ ജാതി അധിക്ഷേപവും, അജി കൃഷ്ണനെതിരായ എഫ്‌ഐആര്‍ പുറത്ത്

പാലക്കാട്: എച്ച്‌ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനും പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യുവും അറസ്റ്റ് ചെയ്യപ്പെട്ട കേസില്‍ എഫ്‌ഐആര്‍ പുറത്ത്. അട്ടപ്പാടി സ്വദേശിയുടെ പരാതിയിലാണ് അജി കൃഷ്ണനും ജോയ് മാത്യുവും അടക്കം ആറു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയും കേസെടുത്തത്.അജി കൃഷ്ണനും ജോയ് മാത്യുവുമടക്കം 31 പേര്‍ ചേര്‍ന്ന് അട്ടപ്പാടിയിലെ വട്ടലക്കി ആദിവാസി ഊരില്‍ കടന്ന് കയറി മാരക ആയുധങ്ങളുമായി ആദിവാസികളെ ആക്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. കാട്ടില്‍ കഴിയേണ്ട തൊട്ടുകൂടാന്‍ പറ്റാത്ത വൃത്തികെട്ട ജീവികളാണ് ആദിവാസികളെന്നും തല്ലിക്കൊന്നാല്‍ ആരും ചോദിക്കാനില്ലെന്നും ഭീഷണിപ്പെടുത്തിയതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഷോളയാര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു അറസ്റ്റ്. . പരാതിക്കാരനേയും ബന്ധുക്കളേയും പ്രതികള്‍ വടികൊണ്ട് മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ ‘ഒരൊറ്റ എണ്ണവും ഇവിടെ കാലു കുത്തരുത്’ എന്ന് പറഞ്ഞ്, ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും അവരുടെ കുടിലുകള്‍ അടിച്ചു തകര്‍ത്ത് തീവെച്ച്‌ കത്തിച്ച്‌ നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് എഫ്‌ഐആറിലുള്ളത്.

Loading...

ഐപിസിയുടെ 143, 147, 148, 447, 436, 427, 324, 506, 149 വകുപ്പുകള്‍ക്ക് പുറമേ, പട്ടിക ജാതി- പട്ടിക വര്‍ഗ അക്രമണ നിരോധന നിയമപ്രകാര അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് സമാന രീതിയില്‍ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. നേരത്തെ സമാന പരാതിയില്‍ എസ് സി- എസ് ടി കമ്മീഷന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലായിരുന്നു പരാതിക്കാര്‍. കാലാകാലങ്ങളായി ആദിവാസികള്‍ വസിച്ചു വന്നിരുന്ന ഏകദേശം 45 ഏക്കറോളം പട്ടയ ഭൂമി എച്ച്‌ആര്‍ഡിഎസ് ഇന്ത്യ കൈയ്യേറി ആദിവാസി കുടിലുകള്‍ തീവെച്ച്‌ നശിപ്പിച്ചതായായിരുന്നു കൗണ്‍സിലിന്റെ പരാതി. വ്യാജ രേഖ ചമച്ച്‌ ഈ ഭൂമി പട്ടിക വര്‍ഗക്കാരല്ലാത്തവര്‍ക്ക് അളന്നു കൊടുത്തു എന്നും പരാതിയിലുണ്ടായിരുന്നു.

നേരത്തെ കോഴിക്കോട് നിന്നും ഒരു കോടി നാലായിരം രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്ത കേസില്‍ എച്ച്‌ആര്‍ഡിഎസിന്റെ പേരും ഉള്‍പ്പെട്ടിരുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. 2016 ഡിസംബറില്‍ നോട്ട് നിരോധനം പ്രഖ്യാപനം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞാണ് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തത്.കോഴിക്കോട് പിവിഎസ് ആശുപത്രിയുടെ പാര്‍ക്കിംഗില്‍ നിന്നാണ് റവന്യൂ ഇന്റലിജന്‍സ് ഒരു കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ കാറിലുണ്ടായവര്‍ ഇറങ്ങി ഓടുകയായിരുന്നു. കാറില്‍ നിന്ന് സിറാജ്ജുദ്ദീന്‍ എന്നയാള്‍ പിടിയിലായി. പരിശോധനയില്‍ ഒരു കോടിയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു. ഈ നോട്ടുകളുടെ ഉറവിടം അന്വേഷിച്ചപ്പോഴാണ് എച്ച്‌ആര്‍ഡിഎസിലെത്തിയത്.