കാബൂളിലെ കാർതെ പർവാൻ സിഖ് ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിനു മുൻപ് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു കഴിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി. ശനിയാഴ്ച രാവിലെ ഗുരുദ്വാരയിൽ പ്രവേശിച്ച ഭീകരർ വെടിയുതിർക്കുകയും സ്ഫോടനങ്ങൾ നടത്തുകയും ചെയ്തു.
പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചതായി സുരക്ഷാസേനാ വക്താവ് അറിയിച്ചു. ഐഎസ് ആണു പിന്നിലെന്നു സംശയിക്കുന്നു. ആക്രമണസമയത്ത് ഗുരുദ്വാരയിൽ 30 പേരുണ്ടായിരുന്നു. ആക്രമണത്തിൽ ഇന്ത്യ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. കാബൂളിലെ ഷോർ ബസാർ ഗുരുദ്വാരയ്ക്കു നേരെ 2020 മാർച്ചിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ 25 പേരാണു കൊല്ലപ്പെട്ടത്.
Loading...