ശാന്തന്‍പാറ സംഭവത്തില്‍ ആദ്യ അറസ്റ്റ്, വസിമിന്റെ സഹോദരന്‍ പിടിയില്‍

ഇടുക്കി : ശാന്തന്‍പാറയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ മുല്ലൂര്‍ റിജോഷിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് നടന്നു. റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ സഹോദരന്‍ ഭഗതിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പോലീസ് അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം റിജോഷിനെ ഇല്ലാതാക്കിയത് താന്‍തന്നെ നടത്തിയതാണെന്നു പറയുന്ന വസിമിന്റെ വീഡിയോ വ്യാഴാഴ്ച വൈകിട്ടോടെ പുറത്തുവന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വസീമിന്റെ സഹോദരനെയും സുഹൃത്തുക്കളെയും ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടയിലാണ് അനുജന്റെ വാട്‌സ്ആപ്പിലേക്കു വീഡിയോ സന്ദേശം എത്തിയത്.

Loading...

ഒക്‌ടോബര്‍ 31 മുതല്‍ കാണാതായ റിജോഷിന്റെ മൃതദേഹം ഫാം ഹൗസിന്റെ സമീപത്തു നിര്‍മിക്കുന്ന മഴവെള്ള സംഭരണിയോടു ചേര്‍ന്നു കുഴിച്ചിട്ട നിലയില്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്.

അതേസമയം ശാന്തന്‍പാറ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. റിജോഷിനെ ഇല്ലാതാക്കിയത് കഴുത്ത് ഞെരിച്ചാണെന്നാണ് പുതിയ കണ്ടെത്തല്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. കയറോ തുണിയോ ഉപയോഗിച്ചാണ് റിജോഷിനെ പ്രതി ഇല്ലാതാക്കിയതെന്നാണ് വിവരം. മരണ സമയം റിജോഷ് അര്‍ധ ബോധാവസ്ഥയിലായിരുന്നെന്നും ശരീരത്തില്‍ മറ്റ് പരുക്കള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് ദിവസം പഴക്കം മൃതദേഹത്തിന് ഉണ്ട്. കഴിഞ്ഞ മാസം 31നാണ് റിജോഷിനെ കാണാതാവുന്നത് തുടര്‍ന്ന് ഇന്നലെയാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ റിസോര്‍ട്ട് ഭൂമിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശാന്തന്‍പാറയിലെ ഫാം ഹൗസ് ജീവനക്കാരനായിരുന്നു റിജോഷ്.

പ്രതികളായ റിസോര്‍ട്ട് മാനേജര്‍ വസീം, റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താനായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ചൊവ്വാഴ്ച ഇരുവരും പാലായില്‍ എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പ്രതികള്‍ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് നിഗമനം. വസീമിന്റെ സ്വദേശമായ തൃശൂരിലും തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തില്‍ അതിര്‍ത്തി മേഖലകളിലുമെല്ലാം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

തെളിവ് നശിപപ്പിക്കാനും പിടിക്കപ്പെടാതിരിക്കാനും വസീം നടത്തിയത് ദൃശ്യം സിനിമയെ വെല്ലും നീക്കങ്ങള്‍. റിജോഷിനെ ഇല്ലാതാക്കിയ ശേഷം മൃതദേഹം മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചാല്‍ അന്വേഷണം എളുപ്പത്തില്‍ തന്നിലേക്ക് എത്തുമെന്ന് വസീം മുന്‍കൂട്ടി കണ്ടു. തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന മഴവെള്ള സംഭരണിയോട് ചേര്‍ന്ന് കുഴിയില്‍ മൃതദേഹം ഉപേക്ഷിച്ച് മറ്റാരും കാണാത്ത വിധത്തില്‍ മണ്ണിട്ട് മൂടി.

പിന്നീട് വസീം ജെസിബി ഓപ്പറേറ്ററെ വിളിച്ചു. കുഴിയില്‍ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി കുറച്ച് മണ്ണുകൂടിയിട്ട് കുഴി മൂടണമെന്നും പറഞ്ഞു. യാതൊരു സംശയത്തിനും വഴി കൊടുക്കാതെയായിരുന്നു നസീമിന്റെ ഇടപെടല്‍. തുടര്‍ന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു.

അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫോണില്‍ നിന്നും ലിജിയുടെ ഫോണിലേക്ക് കോളുകള്‍ വിളിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോള്‍ തെളിവായി ഈ കോളുകള്‍ കാണിച്ച് റിജോഷ് തൃശൂരില്‍ നിന്നും കോഴിക്കോട്ട് നിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, പൊലീസ് ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ വസീമിന്റെ സഹോദരനും ഒരാള്‍ സഹോദരന്റെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്.