മാനഭംഗക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി; പോലീസിനെതിരെ കേരളത്തിലെ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഇ.ഡി

സംസ്ഥാനത്ത് ആദ്യമായി പോലീസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു തൃശൂരിൽ മാനഭംഗക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേരള പോലീസിലെ നാല് പേരെ പ്രതി ചേർത്തുകൊണ്ടുള്ള കേസ് ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മകൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ പാറമട ഉടമയിൽ നിന്ന് പോലീസുകാർ അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദനം നടത്തിയെന്നാരോപിച്ച് പൊതുപ്രവർത്തകനായ അജിത് കൊടകര നൽകിയ പരാതിയിലാണ് നടപടി. കൊടകര സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന അരുൺ ഗോപാലകൃഷ്ണൻ, തടിയിട്ടപ്പറമ്പ് സ്റ്റേഷൻ എസ്എച്ച്ഒ സുരേഷ്‌കുമാർ, എ.എസ്.ഐ യാക്കൂബ്, വനിത സിപിഒ ജ്യോതി ജോർജ്ജ് എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വൻതുക കൈപ്പറ്റിയെന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനിൽ നിന്നും ഇ.ഡി തെളിവുകളും മൊഴിയും എടുത്തിരുന്നു. മാനഭംഗക്കേസിൽ അറസ്റ്റ് രേഖപ്പെടുത്താത്തത് സംബന്ധിച്ച പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടിയപ്പോൾ തടിയിട്ടപ്പറമ്പ് പോലീസ് നൽകിയ സത്യവാങ്മൂലവും പോലീസുകാർക്ക് വിനയായി. പരാതിക്കാരിയായ പെൺകുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാൻ സമാനമായ പരാതികൾ കെട്ടിച്ചമക്കാറുണ്ടെന്നും കൊടകര സ്റ്റേഷനിൽ പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പോലീസ് 2020 സെപ്തംബർ 30ന് നൽകിയ സത്യവാങ്മൂലം. എന്നാൽ കൊടകര പോലീസ് പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് ഒക്ടോബർ ഒന്നിനായിരുന്നു.

Loading...

ഈ കേസിൽ പെൺകുട്ടിയെ കുടുക്കാൻ കൊടകരയിലേയും തടിയിട്ടപ്പറമ്പിലേയും പോലീസുകാർ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമാണ് പരാതിയിൽ പറയുന്നത്. ചാലക്കുടി ഡി.വൈ.എസ്.പി കേസ് അന്വേഷിച്ചെങ്കിലും പോലീസിന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കൊടകര സ്റ്റേഷൻ എസ്എച്ച്ഒ അരുൺ ഗോപാലകൃഷ്ണനെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ വന്നിരുന്നു. കേസ് നടത്തിപ്പിന് മുന്നിൽ നിന്നതിന് തന്നെ പോലീസ് വേട്ടയാടുകയാണെന്നും അജിത് കൊടകര പറയുന്നു.വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനിൽ അജിത് കൊടകരയെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തി. ഈ സ്റ്റേഷനിൽ അജിത്തിനെതിരെ ഒരു കേസ് പോലുമില്ലെന്നതും ആരോപണത്തെ ബലപ്പെടുത്തുന്നു.