ഒമിക്രോൺ ബാധിച്ച് ആദ്യ മരണം; മരണം സ്ഥിരീകരിച്ചത് യുകെയിൽ

ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. യുകെയിലാണ് ആ​ദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ ഇപ്പോഴും നിരവധി പേർ രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. അതിൽ ഒരാൾ മരണപ്പെട്ടിരിക്കുന്നു എന്നാണ് ബോറിസ് ജോൺസൻ പറഞ്ഞിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തെ അതിജീവിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. എല്ലാവരും വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. ലണ്ടനിലെ കൊറോണ വൈറസ് കേസുകളിൽ 40 ശതമാനവും ഇപ്പോൾ ഒമിക്രോൺ വകഭേതമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ ഒമിക്രോൺ വ്യാപനം വളരെ കൂടുതലാണ്. അതുകൊണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ മുതിർന്ന പൌരന്മാർക്കും ഡിസംബർ മാസം അവസാനത്തോടെ ബൂസ്റ്റർ ഡോസുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കൂടുതൽ കൊവിഡ് കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ മാത്രം ഹൈറിസ്ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വന്ന 4408 പേരുണ്ട്. നെടുമ്പാശ്ശേരി വഴി വന്ന 10 പേരാണ് ഇന്നലെയും ഇന്നുമായി കൊവിഡ് പോസിറ്റീവായത്. ഇവരുടെയെല്ലാം ജീനോം പരിശോധന നടത്തിയതിൽ രണ്ട് പേരുടെ ജീനോം ഫലം കിട്ടി. ഇതിൽ ഒരാൾ പോസിറ്റിവും ഒരാൾ നെഗറ്റീവുമാണ്. ഇനിയും എട്ട് പേരുടെ ഫലം വരാനുണ്ട്. നെടുമ്പാശ്ശേരിയിൽ കൊവിഡ് പരിശോധനാ സൗകര്യങ്ങൾ കൂട്ടിയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ജില്ലാ കളക്ടറും ഡിഎംഒയും അടക്കമുള്ളവർ പങ്കെടുത്ത ഉന്നതതലയോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. എറണാകുളത്ത് ഇന്നലെ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിൽ കൊവിഡ് പരിശോധന ഇനി കർശനമാകും. കൊവിഡ് പരിശോധന നടത്തി ഫലം വന്ന ശേഷം മാത്രമേ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർക്ക് പുറത്തിറങ്ങാനാകൂ.

Loading...