എറണാകുളത്തിന്റെ പുതിയ ഹീറോ, ആദ്യകച്ചവടത്തിലെ തുകയും നൗഷാദ് ദുരിതാശ്വാസത്തിന് കൈമാറി

കടയിലുള്ള മുഴുവന്‍ വസ്ത്രങ്ങളും പ്രളയസഹായമായി നല്‍കിയ നൗഷാദിക്ക , താന്‍ തുടങ്ങിയ പുതിയ കടയിലെ ആദ്യ വില്‍പനയിലൂടെ ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ല കളക്ടറുടെ ചേംബറിലെത്തിയാണ് നൗഷാദ് ആദ്യ വില്‍പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ കൈമാറിയത്. നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകരുന്നതായിരുന്നെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

തെരുവില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയം എത്തും മുന്‍പേ കൊച്ചി ബ്രോഡ് വേയില്‍ സ്വന്തമായൊരു കട കണ്ടു വെച്ചിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ആ കട ഉദ്ഘാടനം ചെയ്തത്. വിദേശമലയാളിയായ അഫി അഹമ്മദ് ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ എത്തി.ഇതോടെ ആദ്യ വില്പനയും ഉഷാറായി.

Loading...

കടയുടെ ഉദ്ഘാടനത്തിന് ജില്ലാ കളക്ടര്‍ എത്തുമെന്നായിരുന്നു അറിയിച്ചത്, അദ്ദേഹത്തിന് എത്താന്‍ കഴിയാതെയിരുന്നതിനാല്‍ നാട്ടുകാര്‍ ചേര്‍ന്നാണ് കടയുടെ ഉദ്ഘാടനം നടത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതിനായെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ തെരുവില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് സ്വന്തം കട തുറന്ന് ആവശ്യസാധനങ്ങള്‍ സൗജന്യമായി നല്‍കുകയായിരുന്നു.