ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്ത്; എല്ലാവരും പൂര്‍ണ ആരോഗ്യവാന്‍മാര്‍

ബാങ്കോക്ക്: തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ നിന്നു രക്ഷപ്പെട്ട കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. കുട്ടികളെല്ലാം പൂർണ ആരോഗ്യവാന്മാരാണെന്നു വ്യക്തമാക്കുന്ന വിഡിയോ ആണു പുറത്തു വന്നിരിക്കുന്നത്.

Loading...

ആശുപത്രി വസ്ത്രവും മാസ്‌കും ധരിച്ച കുട്ടികള്‍ വാര്‍ഡില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. കുട്ടികളെല്ലാം ആരോഗ്യവാന്‍മാരാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാമറയ്ക്കു നേരെ കുട്ടികള്‍ കൈവീശുന്നതും കാണാം. കുട്ടികള്‍ക്ക് മാനസികാഘാതമുള്ളതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കുട്ടികളിൽ ചിലർക്ക് ഇപ്പോഴും ശ്വാസകോശത്തിൽ അണുബാധയുണ്ട്. സർജിക്കൽ മാസ്ക് ധരിച്ച കുട്ടികളെയാണു വിഡിയോയിൽ കാണാനാവുക. ഏഴു മുതൽ പത്തു ദിവസം വരെ കഴിഞ്ഞതിനു ശേഷം മാത്രമേ കുട്ടികൾക്ക് ആശുപത്രി വിടാനാകൂ. പത്തു ദിവസത്തിനു ശേഷം വീട്ടിലേക്കു മാറ്റാം. എന്നാൽ അവിടെയും ഒരു മാസത്തോളം സുഖ ചികിത്സ നടത്തേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

രക്ഷപ്പെട്ട 12 കുട്ടികൾക്കും കോച്ചിനും രണ്ടു കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട്. എന്നാൽ ആരോഗ്യസ്ഥിതി മോശമല്ല. മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങളും കാണിക്കുന്നില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു. ചിയാങ് റായിയിലെ ആശുപത്രിയിലാണ് കുട്ടികൾ ഇപ്പോഴുള്ളത്.

ഏഴു ദിവസത്തിനു ശേഷം മാത്രമേ കുട്ടികള്‍ ആശുപത്രി വിടുകയുള്ളൂ എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീട്ടിലെത്തിയാലും ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞു.