ഇത് എനിക്ക് കടലമ്മ തന്ന നിധി, തായ്‌ലാൻഡിലെ ഒരു മത്സ്യതൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചത് തിമിംഗലത്തിന്റെ ഛർദിയുടെ രൂപത്തിൽ

തായ്‌ലാൻഡിലെ മത്സ്യതൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചത് തിമിംഗലത്തിന്റെ ഛർദിയുടെ രൂപത്തിൽ. തിമിംഗലത്തിന്റെ ഛർദിയാണെന്ന് കരുതി അറപ്പു തോന്നേണ്ട, ഈ വസ്തുവിന്റെ വിലകേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ജുംറാസ് തിയോഖട്ട് എന്ന ഈ മത്സ്യതൊഴിലാളിക്ക് ലഭിച്ചത് ഏകദേശം രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന ഛര്‍ദിയാണ്. കോ സമുവായ് കടൽത്തീരത്ത് കൂടി നടക്കുമ്പോഴാണ് ജുംറാസ് കല്ല് പോലെയുള്ള എന്തോ ഒരു വസ്തു ശ്രദ്ധയിൽ പെടുന്നത്. കല്ലിന്റെ പ്രത്യേകത കണ്ട് ജുംറാസ് ഇതെടുത്ത് തന്റെ കയ്യിൽ സൂക്ഷിച്ചു.

പിന്നീട് ഏതോ വിലപിടിപ്പുള്ള വസ്തുവാണെന്ന് അയാൾക്ക് സംശയം തോന്നിയതോടെ ജുംറാസ് ഗവണ്‍മെന്റ് അധികാരികളെ ഈ വിവരമറിയിച്ചു. അവര്‍ വന്ന് പരിശോധിച്ച് സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. പിന്നീട് മാസങ്ങളോളം ഇതേക്കുറിച്ച് ഒരു വിവരമൊന്നുമില്ലായിരുന്നു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് അധികാരികള്‍ ജുംറാസുമായി വീണ്ടും ബന്ധപ്പെട്ടു. ജുംറാസിന്റെ പക്കലുള്ളത് എണ്ണത്തിമിംഗലത്തിന്റെ സ്രവമാണെന്നും, ആറ് കിലോ 350 ഗ്രാം തൂക്കമുള്ള ആ സ്രവത്തിന്റെ വില രണ്ട് കോടി 26 ലക്ഷം രൂപയാണെന്നും അറിയിച്ചു. ആ വസ്തു ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചാല്‍ ജുംറാസിന് തക്കതായ വില നല്‍കാമെന്നും അധികാരികള്‍ ഉറപ്പ് നല്‍കി.

Loading...

ഏതായാലും ഇത് തനിക്ക് കടലമ്മ കൊണ്ടുതന്ന നിധിയാണിതെന്നാണ് മത്സ്യതൊഴിലാളിയായ ജുംറാസ് പറയുന്നത്. പ്രധാനമായും പെര്‍ഫ്യൂം നിര്‍മ്മാണത്തിനാണ് തിമിംഗലത്തിന്റെ ഛര്‍ദി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയ ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മാണത്തിന് അത്യാവശ്യമാണ്.