മത്സ്യബന്ധന ബോട്ട് മുങ്ങി; 13 പേരെ രക്ഷപ്പെടുത്തി

കണ്ണൂര്‍. മുനമ്പത്ത് നിന്നും 20 ദിവസങ്ങള്‍ക്ക് മുമ്പ് മത്സ്യബന്ധനത്തിന് പോയ ബോട്ട് കണ്ണൂര്‍ തീരത്ത് മുങ്ങി. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. കണ്ണൂരില്‍ നിന്നും 67 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനിടെ എഞ്ചിന്‍ തകരാര്‍ മൂലം ബോട്ടില്‍ വെള്ളം കയറുകയായിരുന്നു. വെള്ളം കയറുന്ന ദ്വാരം അടയ്ക്കുന്നതില്‍ ബോട്ട് ജീവനക്കാര്‍ പരാജയപ്പെട്ടതോടെ ഇന്നലെ ബോട്ട് അപകടാവസ്ഥയിലായി.

തുടര്‍ന്ന് അപകടവിവരം ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. 13 ജീവനക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എട്ട് പേരും ആസാമില്‍ നിന്നുള്ള അഞ്ച് പേരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബേക്കല്‍ കോസ്റ്റല്‍ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ ബോട്ടിന് സമീപത്ത് ഉണ്ടായിരുന്ന മദര്‍ ഇന്ത്യ എന്ന മത്സ്യബന്ധന ബോട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ബോട്ട് പൂര്‍ണമായും മുങ്ങി. രക്ഷപ്പെടുത്തിയവരെ ഇന്ന് പുലര്‍ച്ചെ അഴീക്കല്‍ ഹാര്‍ബറില്‍ എത്തിച്ചു.

Loading...