ബെംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ചിലാണ് പീഡനം നടന്നത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
19 വയസുകാരാണ് അഞ്ച് ആണ്‍കുട്ടികളും. ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. അഞ്ച് വിദ്യാര്‍ഥികള്‍ അതേ കോളജില്‍ പഠിക്കുകയായിരുന്ന 18കാരിയായ പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് മയക്കുമരുന്ന് നല്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അഞ്ചു പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി നേരിട്ട് പരിചയമുള്ള വ്യക്തിയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍ വനപ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് സംഘം ബലമായി മയക്കുമരുന്ന് നല്കിയ ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. സംഭവങ്ങള്‍ പൊലീസില്‍ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ നാലാമന് വീഡിയോ പകര്‍ത്തുന്നത് പുറത്തായ ദൃശ്യങ്ങളിലുണ്ട്. വിഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് ഒരു വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ നിന്നും സൈബര്‍ പൊലീസ് ദൃശ്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. അത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ബി.എം.ലക്ഷ്മി പ്രസാദ് അറിയിച്ചു.