കൊച്ചിയിലെ അഞ്ച് വിനോദസഞ്ചാരികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊച്ചിയിലെത്തിയ അഞ്ച് വിനോദ സഞ്ചാരികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ നേരത്തെ കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍മാരുടെ സംഘത്തിലെ ആള്‍ക്കാരാണ്. മന്ത്രി വി.എസ് സുനില്‍കുമാറാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.

നേരത്തെ മൂന്നാറില്‍ തങ്ങിയിരുന്ന 17 അംഗ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ തിരിച്ച് പോകാനിരിക്കെ വിമാനത്തില്‍ നിന്നാണ് ഇറക്കി കൊണ്ട് വന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമല്ലെന്നാണ് മന്ത്രി വ്യക്തമാക്കി.

Loading...

രോഗം ബാധിച്ചവരെല്ലാം 60-85 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ്. സംഘത്തിലെ ബാക്കിയുള്ള 12 പേരുടെ സാംപിള്‍ പരിശോധനഫലം നെഗറ്റീവ് ആണ്. നേരത്തെ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പൊലീസ് ഇവരെ തടയുകയായിരുന്നു.

അതേസമയം ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി സംസ്ഥാനത്തെ ബസ് ഉടമകളും. ഞായറാഴ്ച സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22ന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് പ്രധാനമന്ത്രിഅഭ്യര്‍ഥിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍, വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.