വെളിച്ചെണ്ണയിലും ബ്രാന്‍ഡുകളില്‍ അഞ്ചെണ്ണം നിരോധിച്ചു, ഗുണനിലവാരമില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്

തിരുവനന്തപുരം: വെളിച്ചെണ്ണ മലയാളികളുടെ പാചക കലയുടെ അവിഭാജ്യ ഘടകമാണ്. എന്ത് പാചകം ചെയ്താലും മലയാളികള്‍ക്ക് അല്‍പ്പമെങ്കിലും വെളിച്ചെണ്ണ ഉപയോഗിക്കാതെ വയ്യ. എന്നാല്‍ ഇന്നത്തെ കാലത്ത് നാം ഉപയോഗിക്കുന്ന ഈ വെളിച്ചെണ്ണകളില്‍ മായം ചേരുന്നുണ്ടെന്നതാണ് സത്യം. പല വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇപ്പേള്‍ വെളിച്ചെണ്ണ ബ്രാന്‍ഡുകളില്‍ അഞ്ചെണ്ണം കൂടി നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിക്കാന്‍ കാരണം ഗുണനിലവാരം ഇല്ലായ്മയാണ്. മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെ പി എസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചത്. കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്ത് ഇറക്കിയത്.

Loading...

അതേസമയം ഇന്നലെ കൊല്ലം മുഖത്തലയില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷവിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്ന് പൂട്ടിച്ചിരുന്നു. വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന അയ്യായിരം ലിറ്റര്‍ പാമോലിനും വെജിറ്റബിള്‍ ഓയിലും ഭക്ഷ്യസുരക്ഷ വിഭാഗം ഇവിടെ നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ചക്കില്‍ ആട്ടിയ വെളിച്ചണ്ണ എന്നപേരില്‍ പത്ത് ബ്രാന്റുകളാണ് മുഖത്തലയിലെ നിര്‍മ്മാണ യുണിറ്റില്‍ നിന്നും ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. മുഖത്തല സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്നാണ് യുണിറ്റ് നടത്തിയിരുന്നത്. പരിശോധനയില്‍ വെള്ളിച്ചെണ്ണ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 5000 ലിറ്റര്‍ പാമോലിനും 500 ലിറ്ററില്‍ അധികം വെജിറ്റബിള്‍ ഓയിലും ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു.

നേരത്തെ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ. കെപിഎന്‍ ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി പിഴ ചുമത്തിയിരുന്നത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും ഉത്പാദിപ്പിക്കുന്നത് കൈരളി ഓയില്‍ കിഴക്കമ്പലം എന്ന സ്ഥാപനമാണ്. സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ആര്‍ഡിഒ ആണ് പിഴ ചുമത്തി ഉത്തരവായി.

പ്രമുഖ ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ അവരുടെ പേരിനോട് സമാനമായ പേരുകള്‍ നല്‍കി ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, പ്രമുഖ ഹോട്ടലുകള്‍ വരെ ഇതിന് ഇരയാകാറുണ്ട്. അതുകൊണ്ട് തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ സുരക്ഷാ വകുപ്പ് പിടികൂടുമ്പോള്‍ പേരിനോട് സാദൃശ്യമുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ജനങ്ങള്‍ക്കിടയിലെ വിശ്വാസതയേയും ഇത് ബാധിക്കും.

പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന എബിഎച്ച് ട്രേഡിംഗ് കമ്പനി ഉദ്പാദിപ്പിച്ച് കൊച്ചിന്‍ ട്രേഡിംഗ് കമ്പനി അല്ലപ്ര വിതരണം ചെയ്യുന്ന കേരളീയം കോക്കനട്ട് ഓയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരുന്നത്. വെളിച്ചണ്ണയ്ക്ക് പുറമെ കോലഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന പികെഎം പ്രൈം ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ടൊമാറ്റോ സോസും പിടികൂടിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയായി ചുമത്തിയിരിക്കുന്നത്.