ഒഴുകിയെത്തിയ പശുവിന് അഞ്ച് അവകാശികള്‍, ഒടുവില്‍ വന്‍ ട്വിസ്റ്റ്

പോയവര്‍ഷം കേരളത്തി പിടിച്ച് കുലുക്കിയ മഹാപ്രളയമായിരുന്നു കേരളത്തിലുണ്ടായത്. പലതും മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി. വീടും വാഹനവും വളര്‍ത്തുമൃഗങ്ങളുമെല്ലാം. ഇക്കുറിയും മാറ്റമുണ്ടായില്ല. ഇതിനിടെയാണ് മലവെള്ളപാച്ചിലില്‍ ഒഴുകി എത്തിയ കന്നുകാലിക്കായി അഞ്ച് അവകാശികള്‍ രംഗത്തെത്തിയത്. എന്നാല്‍ യഥാര്‍ത്ഥ ഉടമ രംഗത്തെത്തിയപ്പോള്‍ ഇവര്‍ മുങ്ങുകയും ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് 21ന് മൂവാറ്റുപുഴയിലാണ് സംഭവം. മലവെള്ള പാച്ചിലില്‍ ഒഴുകിയെത്തിയ പശുവിനെ നാട്ടുകാര്‍ കരയ്ക്കു കയറ്റി. നല്ല ലക്ഷണമൊത്ത പശുവിനെ കണ്ടതോടെ പശുവിന്റെ ഉടമകള്‍ ചമഞ്ഞ് ഓരോരുത്തരായി എത്താന്‍ തുടങ്ങി. ചിലര്‍ അതിനെ കെട്ടിപ്പിടിച്ചു കരയാനും തിരികെ കിട്ടിയതിലുള്ള ആഹ്ലാദം പ്രകടിപ്പിക്കാനും തുടങ്ങി. ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ 5 പേരും നന്നായി പണിപ്പെട്ടു.

Loading...

എന്നാല്‍ പശുവിന്റെ യഥാര്‍ഥ ഉടമ ആരെന്നു തര്‍ക്കമായതോടെ, പ്രദേശത്തെ ഹോമിയോ ഡോക്ടര്‍ പശുവിന്റെ ചെവിയിലെ ഇന്‍ഷുറന്‍സ് ടാഗ് കണ്ടെത്തി. തുടര്‍ന്ന് ഊരമനയിലെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടി. ഇന്‍ഷുറന്‍സ് ടാഗിലെ നമ്പര്‍ ഉപയോഗിച്ച് ഐടി സെല്ലിലെ ഉദ്യോഗസ്ഥര്‍ പശുവിന്റെ യഥാര്‍ഥ ഉടമയാരെന്നു കണ്ടെത്തി. റാക്കാട് എടക്കരയില്‍ ബേബിയുടേതായിരുന്നു പശു. ഇതോടെ വ്യാജ ഉടമകള്‍ മുങ്ങി. ബേബിയുടെ വീട്ടിലും തൊഴുത്തിലും വെള്ളം കയറിയിരുന്നു. വീട്ടിലുള്ളവരെ രക്ഷിക്കുന്നതിനിടെ പശുവിനെ അഴിച്ചു വിടുകയായിരുന്നു.