യാത്രാവിമാനം കറാച്ചിയിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് തകർന്നു വീണു: വിമാനത്തിൽ 99 യാത്രക്കാർ

കറാച്ചി: പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനം കറാച്ചിക്കടുത്തു തകർന്നു. കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തകർന്നുവീണതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ലഹോറിൽനിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണു തകർന്നതെന്നു പാക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. ലാൻഡിങ്ങിനു തൊട്ടുമുൻപായി എയർബസ് പികെ–303 വിമാനമാണു ജനവാസ കേന്ദ്രമായ ജിന്ന ഗാർഡൻ പ്രദേശത്തു തകർന്നു വീണത്.

വിമാനത്തിൽ 99 യാത്രക്കാരുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. 9 ജീവനക്കാരും 91 യാത്രക്കാരുമാണ് വിമാനത്താവളത്തിലുണ്ടായിരുന്നത് എന്നാണ് വിവരം, ലാൻഡ് ചെയ്യുന്നതിന് ഒരു നിമിഷം മുമ്പാണ് വിമാനം തകർന്ന് വീണത്. ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പേ തകർന്നുവീണതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാനസർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയിരിക്കുന്നത്. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിക്കുന്നത്. ലാ‍ൻഡിങ്ങിന് ഏതാനും മിനിറ്റുകൾക്കു മുൻപായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു.

Loading...

കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂ‍ർണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാൽ അകത്തേക്ക് കയറാൻ രക്ഷാപ്രവർത്തകർക്ക് ആകുന്നില്ല. അപകട സ്ഥലത്തു പാക്കിസ്ഥാൻ സേനയുടെ ദ്രുത പ്രതികരണ സേനയും പാക്കിസ്ഥാൻ റേഞ്ചേഴ്സ് സിന്ധ് ട്രൂപ്പും എത്തിയിട്ടുണ്ട്. നിരവധി വീടുകൾക്കു കേടുപാടുണ്ടായതായാണു റിപ്പോർട്ട്.