ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ: ദുരന്തമൊഴിവായെങ്കിലും കടുത്ത നടപടി

ന്യൂഡൽഹി: തെറ്റായ സന്ദേശമായിരിക്കാം വിമാനങ്ങൾ ആകാശത്ത് നേർക്കുനേർ പാഞ്ഞടുത്തതെന്ന് നിഗമനം. വൻ ദുരന്തം ഒഴിവായ സംഭവത്തെക്കുറിച്ചു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. ചെന്നൈ– ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനവും (എസ്ജി 511) ബ്രിസ്ബെയ്‌നിൽ നിന്നു ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനവും (ഇകെ 433) ആണു നേർക്കുനേർ വന്നത്.സ്പൈസ് ജെറ്റ് വിമാനം 34,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്നപ്പോൾ 35,000 അടി ഉയരത്തിലേക്കു കയറാൻ നിർദേശം ലഭിച്ചു. എന്നാൽ, വിമാനം നിർദിഷ്ട ഉയരത്തിനും 1000 അടികൂടി ഉയരത്തിലേക്കു കയറി. ഈ ഉയരത്തിലാണു എമിറേറ്റ്സ് വിമാനം പറന്നുകൊണ്ടിരുന്നത്. ഇത് കൂട്ടിയിടിക്കു കാരണമാകാമായിരുന്നു. എന്നാൽ ഇരു വിമാനങ്ങൾക്കും ട്രാഫിക് കൊളീഷൻ അവോയിഡൻസ് സിസ്റ്റത്തിൽ (ടിസിഎഎസ്) നിന്നു മുന്നറിയിപ്പു ലഭിച്ചു.

ഈ മാസം 11നാണു സംഭവം.  തുടർന്ന് എമിറേറ്റ്സ് വിമാനം തങ്ങളുടെ യാത്രാപഥത്തിൽ നിന്ന് വീണ്ടും ഉയരത്തിലേക്കു കയറുകയും ഇരു വിമാനങ്ങളും തമ്മിലുള്ള അകലം വർധിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്. ഈ മാസം തന്നെ രണ്ട് ഇൻഡിഗോ വിമാനങ്ങൾ തമ്മിൽ ധാക്കയുടെ വ്യോമപരിധിക്കുള്ളിൽ നേർക്കുനേർ വന്നെങ്കിലും അവസാന നിമിഷം ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു.

Loading...