കോവിഡ് കാലത്തും പ്രവാസികളെ നട്ടം തിരിച്ച് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് കൂട്ടി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ യു.എ.ഇയിലേക്ക്​ വരാം എന്നറിയിച്ചതോടെ വിമാനക്കമ്ബനികള്‍ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങി. എന്നാല്‍, ഒറ്റദിവസം കൊണ്ട്​ ഇരട്ടിയിലേറെ തുകയാണ്​ ടിക്കറ്റിനത്തില്‍ കുതിച്ചുയര്‍ന്നത്​. ചൊവ്വാഴ്​ച രാവിലെ 750 ദിര്‍ഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ്​ വൈകുന്നേരത്തോടെ 2000 ദിര്‍ഹമായി (40,000 രൂപ) ഉയര്‍ന്നു.

ആഗസ്​റ്റ്​ ഏഴ്​ മുതലാണ്​ പല വിമാനക്കമ്ബനികളും ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നത്​. എന്നാല്‍, ടിക്കറ്റുകളില്‍ പലതിനും അപ്രൂവല്‍ ലഭിച്ചിട്ടില്ലെന്ന്​ ട്രാവല്‍ ഏജന്‍സികള്‍ ​അറിയിച്ചു. നാട്ടില്‍പെട്ടുകിടക്കുന്നവര്‍ എത്ര തുക നല്‍കിയും യാത്ര ചെയ്യാന്‍ തയാറാകുന്ന സാഹചര്യം മുതലെടുത്താണ്​ എയര്‍ലൈനുകള്‍ നിരക്ക്​ കുത്തനെ കൂട്ടിയത്​. ലക്ഷക്കണക്കിനാളുകളാണ്​ വരാനുള്ളത്​. ഖത്തര്‍, അര്‍മീനിയ, ഉസ്​ബകിസ്​താന്‍ വഴി ഒന്നേകാല്‍ ലക്ഷം രൂപ മുടക്കിയാണ്​ പലരും വരുന്നത്​. ഈ സാഹചര്യത്തില്‍ വന്‍ തുക മുടക്കാന്‍ യാത്രക്കാര്‍ തയാറാകുമെന്ന്​ അറിയാവുന്ന എയ​ര്‍ലൈനുകള്‍ യാത്രക്കാ​രുടെ കുത്തിനു​പിടിക്കുന്ന നിരക്കാണ്​ ഈടാക്കുന്നത്​.

Loading...

അതേസമയം, യു.എ.ഇ അധികൃതര്‍ അനുമതി നല്‍കിയതിനാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക്​ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന്​ എമിറേറ്റ്​സ്​ എയര്‍ലൈന്‍ അറിയിച്ചു.

ഇന്ത്യ, പാകിസ്​താന്‍, നേപാള്‍, ശ്രീലങ്ക, യുഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികര്‍ക്കാണ്​ അനുമതി. കൂടാതെ, അഫ്​ഗാനിസ്​താന്‍, ബംഗ്ലാദേശ്​, ഇന്തോനേഷ്യ, ദക്ഷിണാ​ഫ്രിക്ക, വിയറ്റ്​നാം, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിസ്​റ്റ്​ വിസക്കാര്‍ക്കും യാത്ര ചെയ്യാം.