കേരളത്തിനടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ മുന്നറിയിപ്പ്; ജാ​ഗ്രത തുടരണം

കേരളത്തിൽ കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ മഴ ഇപ്പോഴും നിർത്താതെ തുടരുകയാണ്. പല ജില്ലകളിലും വെള്ളത്തിൽ മുങ്ങി. ​ഗതാ​ഗതം സ്തംഭിച്ചു. വലിയ നാശനഷ്ടം സംഭവിച്ചു കഴിഞ്ഞു. അതേസമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ജല കമ്മീഷൻ. മൂന്ന് സംസ്ഥാനങ്ങളിലായി ആറ് നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.

തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്.കേരളം, ആൻഡമാൻ, കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കേരത്തിൽ ഇത്തിക്കരയാറിലാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാർ ഒഴുകുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്. കർണാടകയിലെയും തമിഴ്നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകയാണെന്ന് ജലകമ്മിഷൻ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Loading...