പ്രളയജലം ഇറങ്ങി പോയപ്പോള്‍ കിണര്‍ വെള്ളവും താഴ്ന്നിറങ്ങി പോയി; അമ്പരന്ന് നാട്ടുകാരും വീട്ടുകാരും

പ്രളയദുരന്തങ്ങളില്‍ നിന്നും ജനങ്ങള്‍ കരകയറാനുള്ള വ്യഗ്രതയ്ക്കിടയില്‍ വീട്ടുമുറ്റത്തെ കിണര്‍ വറ്റിയതിന്റെ ഞെട്ടലിലാണ് കൊപ്പത്തെ നാട്ടുക്കാര്‍. പ്രളയജലം കയറിയതോടെ നിറഞ്ഞ കിണര്‍ ഒരുമണിക്കൂറിനുള്ളില്‍ വറ്റിയതാണ് വീട്ടുകാരിലും നാട്ടുകാരിലും അമ്ബരപ്പ് ഉണ്ടാക്കിയത്.

കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും പരിസരവാസികളെയും ഞെട്ടിച്ച അപൂര്‍വ പ്രതിഭാസമുണ്ടായത്. പരിസരത്തെ ആറോളം കുടുംബങ്ങള്‍ ശുദ്ധജലത്തിന് ആശ്രയിക്കുന്നത് വര്‍ഷങ്ങളായി വറ്റാത്ത ഈ കിണറിനെയായിരുന്നു.
പ്രളയജലം കയറിയ ദിവസവും ഉച്ചയ്ക്ക് രണ്ടര വരെ കിണര്‍ നിറയെ വെള്ളമുണ്ടായിരുന്നു.

വൈകിട്ട് നാലിന് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വീട്ടുകാര്‍ കിണറിനരികെ ചെന്നപ്പോഴാണ് കിണര്‍ വറ്റിയതായി കാണുന്നത്. പ്രളയജലം താഴ്ന്നിറങ്ങി ഒരുമണിക്കൂറിനകം കിണര്‍ വറ്റുകയായിരുന്നു.
കുഴല്‍ കിണറിന്റെ മോട്ടര്‍ പ്രവര്‍ത്തിപ്പിച്ചാണ് പരിസരത്തെ വീട്ടുകാര്‍ വെള്ളം എടുക്കുന്നത്.