ന്യൂദില്ലി: കേരളത്തോട് പല തവണയായി കേന്ദ്രഅവഗണന തുടരുന്ന സാഹചര്യമാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായിതാ കോടികളുടെ നാശം വിതച്ച 2019 ലെ പ്രളയത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ സഹായവുമില്ല. കേരളം ഒഴികെയുള്ള മറ്റ് 7 സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 5908.56 കോടി അനുവദിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സഹായം അനുവദിച്ചത്.പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം എന്നിവമൂലം ഉണ്ടായ ദുരിതങ്ങള്‍ നേരിടാനാണ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം.2019 ലെ പ്രളയത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി 2101 കോടി ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു.ഇതേത്തുടര്‍ന്ന് കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ കത്ത് കണക്കിലെടുത്തിട്ട് പോലുമില്ലെന്നാണ് മറ്റുസംസ്ഥാനങ്ങള്‍ക്ക് സഹായം അനുവദിച്ച നടപടിയില്‍നിന്ന് വ്യക്തമാകുന്നത്.കേരളത്തിന് സഹായം അനുവദിക്കാത്തതിന്റെ കാരണം വ്യക്തമല്ല.2018 ലെ മഹാപ്രളയത്തിനു ശേഷവും കേരളത്തിന് മതിയായ കേന്ദ്ര സഹായം ലഭിച്ചിരുന്നില്ല.രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വീണ്ടും കേന്ദ്ര അവഗണന.
പ്രളയ ദുരുതം നേരിടാന്‍ അസമിന് 616.63 കോടി, ഹിമാചല്‍ പ്രദേശിന് 284.93 കോടി, കര്‍ണാടകത്തിന് 1869.85 കോടി, മധ്യപ്രദേശിന് 1749.73 കോടി മഹാരാഷ്ട്രയ്ക്ക് 956.93 കോടി, ത്രിപുരയ്ക്ക് 63.32 കോടി, ഉത്തര്‍പ്രദേശിന് 367.17 എന്നിങ്ങനെയാണ് കേന്ദ്ര സഹായം അനുവദിക്കാന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തിട്ടുള്ളത്.