ഓണം കഴിഞ്ഞതറിഞ്ഞില്ല; കേരളത്തിലേക്ക് പൂക്കളുമായെത്തിയ യുവാക്കൾക്ക് ലക്ഷങ്ങൾ നഷ്ടം

കാസർ​കോട് : ഓണം കഴിഞ്ഞതറിയാതെ കേരളത്തിലേക്ക് പൂവുമായെത്തിയ യുവാക്കൾക്ക് ലക്ഷങ്ങൾ നഷ്ടം. മം​ഗളൂരുവിൽ നിന്നും കാസർകോട് എത്തിയ യുവാക്കൾക്കാണ് ലക്ഷങ്ങൾ‌ നഷ്ടം സംഭവിച്ചത്. തിരുവോണം കഴിഞ്ഞതറിയാതെയാണ് ഇവർ മംഗളൂരുവിൽ നിന്ന് പൂവുമായെത്തിയത്. മംഗളൂരു ബന്ദർ സ്വദേശികളായ അസീസ്, ഫാറൂഖ്, മുബിൻ, ഇംതിയാസ് എന്നിവരാണ് തിങ്കളാഴ്ചയാണ് തിരുവോണമെന്ന് കരുതി ഞായറാഴ്ച രാവിലെ പൂക്കളുമായി എത്തിയത്.

കാഞ്ഞങ്ങാടെത്തിയപ്പോഴാണ് ഓണം കഴിഞ്ഞ വിവരം നാലം​ഗ സംഘം അറിഞ്ഞത്. മംഗളൂരു സ്വദേശിയായ അസർ എന്നയാളാണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ഇവർ പറഞ്ഞു. രണ്ട് ലക്ഷത്തോളം രൂപ വരുന്ന മല്ലിക, ജമന്തി, മുല്ലപ്പൂ, റോസ്, അരളി തുടങ്ങിയ പൂക്കളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിൽ നിന്ന് ആകെ 3000 രൂപയുടെ പൂക്കൾ മാത്രമാണ് ചെലവായത്. ഒരുമുഴം പൂവിന് 20 രൂപ എന്ന നിരക്കിൽ വിറ്റിട്ടും വാങ്ങാൻ ആളില്ലെന്നാണ് ഇവർ പറയുന്നത്.

Loading...