തിരുവനന്തപുരം: ഒടുവില്‍ നാളെ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈസ്റ്റര്‍- വിഷു കിറ്റ് വിതരണം നടക്കുകയാണ്. കിറ്റ് വിതരണം റേഷന്‍ കടകള്‍ വഴിയാണ് നടക്കുകയെന്നാണ് ഭക്ഷ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ തീരുമാനിച്ചതിനാലും കിറ്റ് വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാലുമാണ് നാളെ മുതല്‍ കിറ്റ് വിതരണം ചെയ്യുന്നത്. വെള്ള,നീല കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരിവിതരണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ അരിവിതരണം കമ്മീഷന്‍ തടഞ്ഞിരുന്നു.ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പുതന്നെ അരിവിതരണം ചെയ്യാനുള്ള തീരുമാനം എടുത്തിരുന്നുവെന്ന് ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അരിവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറക്കിയതാണ്. വിഷു,റംസാന്‍,ഈസ്റ്റര്‍ തുടങ്ങിയ ആഘോഷ ദിവസങ്ങള്‍ക്കുമുന്‍പ്തന്നെ വിതരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 84 കോടി രൂപ അരിവിതരണത്തിനായി വകയിരുത്തുകയും ചെയ്തിരുന്നു.ഇതിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല.പ്രതിസന്ധികാലഘട്ടങ്ങളില്‍ ജനക്ഷേമനടപടികളുടെ ഭാഗമായി സര്‍ക്കാര്‍ അരിവിതരണം തുടങ്ങിയിരുന്നതാണ്.ഇപ്പോഴും അത് തുടരുകയാണ്.അതിന്‍റെ ഭാഗമായി നാളെ പണം അടക്കാനുള്ളതാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.അതേ സമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണെന്നറിയാതെയാണ് അരിവിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ അപേക്ഷ തന്നാല്‍ പരിഗണിക്കാമെന്നും കമ്മീഷന്‍ പറഞ്ഞു.എന്നാല്‍ പുതിയ അപേക്ഷ ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.തുടര്‍ന്ന് കമ്മീഷന്‍ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി അരിവിതരണം തുടരാനും നിര്‍ദേശിക്കുകയായിരുന്നു.സ്ക്കൂള്‍ കുട്ടികള്‍ക്കുള്ള അരിവിതരണവും കാര്‍ഡുടമകള്‍ക്കുള്ള കിറ്റും അരിവിതരണവും ക്ഷേമപെന്‍ഷന്‍ വിതരണവും തടയണമെന്നാവശ്യപ്പെട്ടായിരുന്നു രമേശ് ചെന്നിത്തല കമ്മീഷന് കത്ത് നല്‍കിയത്.എന്നാല്‍ കമ്മീഷന്‍റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.