തിരുവോണനാളിൽ പായസത്തിൽ നിന്ന് 90 പേർക്ക് ഭക്ഷ്യവിഷബാധ

ചേലക്കര: തിരുവോണത്തിന് വിറ്റ പായസത്തിൽനിന്ന് 90 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ചേലക്കര വെങ്ങാനെല്ലൂരിലാണ് സംഭവം. ആരുടെയും നില ഗുരുതരമല്ല.

സംഭവത്തിൽ പായസം വിതരണംചെയ്ത കാറ്ററിങ് നടത്തിപ്പുകാരൻ വെങ്ങാനെല്ലൂർ പ്ലാഴി ശശി (63)യുടെ പേരിൽ കേസെടുത്തു. സ്ഥാപനം അടയ്ക്കാൻ നിർദേശിച്ചു. 20,000 രൂപ പിഴയും ഈടാക്കി.

Loading...

ഒരേസമയം മുപ്പതോളംപേർ ചികിത്സക്കായി എത്തിയിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആളുകൾ കുഴഞ്ഞുതുടങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. എല്ലാവർക്കും ഒരേ സമയം ചികിത്സ കിട്ടാതായതോടെ പലരും സ്വകാര്യ ആശുപത്രികളിലേക്ക് ബന്ധുക്കളെ കൊണ്ടുപോവുകയും ചെയ്തു.

സംഭവമറിഞ്ഞ് കളക്ടറും എം.പി.യും ഇടപെട്ടതോടെയാണ് സമീപപ്രദേശത്തെ ഗവ. ഡോക്ടർമാരുടെ സേവനം നാലു മണിക്കൂറിന് ശേഷമെങ്കിലും ഉറപ്പാക്കാൻ സാധിച്ചത്. തിരുവോണദിനമായതിനാൽ ഭൂരിഭാഗം ഡോക്ടർമാരും അവധിയിലായിരുന്നു. പ്രാഥമികചികിത്സയ്ക്കുശേഷം രോഗികൾ വീടുകളിലേക്ക് മടങ്ങി. രണ്ടുപേർ മാത്രമാണ് കിടത്തിച്ചികിത്സയിലുള്ളത്.ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ ഓഫീസർ വി.കെ. പ്രദീപ് കുമാർ ബുധനാഴ്ച രാത്രിതന്നെ പായസത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.

പായസത്തിലുണ്ടായ വിഷബാധ എങ്ങനെ സംഭവിച്ചതാണെന്ന് അറിയില്ലെന്ന് കാറ്ററിങ് ഉടമ പ്ലാഴി ശശി പറഞ്ഞു. കാൽനൂറ്റാണ്ടിലധികമായി ഈ രംഗത്തുണ്ട്. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. 40 ലിറ്ററിന്റെ ഒമ്പത് പ്ലാസ്റ്റിക് കാനും 30 പാക്കറ്റുകളുമായി 375 ലിറ്റർ പാലാണ് വാങ്ങിയത്. 300 ലിറ്റർ പാലടയാണ് വിതരണം ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ശശി പറഞ്ഞു.