മനുഷ്യന്റേത് മാത്രമല്ല,കുരങ്ങന്റേയും തെരുവുപട്ടിയുടെയും കൂടിയാണീ സര്‍ക്കാര്‍;മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം ആഴത്തില്‍ അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓരോ പ്രവര്‍ത്തനവും. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും സര്‍ക്കാരിന്റെ ഓരോ ചുവടുവെപ്പും ജനഹിതമറിഞ്ഞുകൊണ്ടായിരുന്നു. ഓരോ ദിവസവും മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളാകട്ടെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതു പോലെയും.

ഇന്ന് മുഖ്യമന്ത്രി സംസാരിച്ചതും മറ്റു ജീവജാലങ്ങളെക്കുറിച്ച് കൂടിയാണ്. ലോക്ഡൗണ്‍ കാലത്ത് പൊതുവിടങ്ങള്‍ നിശ്ചലമാകുമ്പോള്‍ പട്ടിണിയിലായിപ്പോകുന്ന തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ സംവിധാനം ഒരുക്കണമെന്നാണ് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയത്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

Loading...

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥയുണ്ട്. ഭക്ഷണം ലഭിക്കാതെ വന്നാല്‍ അവ അക്രമാസക്തമാകാന്‍ ഇടയുണ്ട്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. തെരുവുനായകള്‍ക്കുള്ള ഭക്ഷണം ഒരു പ്രശ്‌നമായി കണ്ടുകൊണ്ട് അവയ്ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണം- മുഖ്യമന്ത്രി ശാസ്താംകോട്ട, മലപ്പുറത്തെ മുന്നിയൂര്‍, തലക്കളത്തൂര്‍, വള്ളിക്കാട് തുടങ്ങിയ നിരവധി കാവുകളില്‍ ഭക്തജനങ്ങള്‍ ഇപ്പോള്‍ എത്തുന്നില്ല.

അവിടെ എത്തിയിരുന്ന ഭക്തരാണ് അവിടെയുണ്ടായിരുന്ന കുരങ്ങന്മാര്‍ക്ക് ഭക്ഷണം നൽകിയിരുന്നത്. ഇപ്പോള്‍ കുരങ്ങന്മാര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. ഇതുമൂലം കുരങ്ങന്മാര്‍ അക്രമാസക്തരാകുന്നുണ്ട്. ഇതിനു പരിഹാരം കാണാന്‍ സാധിക്കുന്നത് ക്ഷേത്ര അധികാരികള്‍ക്ക് തന്നെയാണ്. കുരങ്ങന്മാര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സൗകര്യം അവര്‍ ഒരുക്കേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.