ചികിത്സാപ്പിഴവില്‍ ഫുട്‌ബോള്‍ താരം മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

ചെന്നൈ. ശസ്ത്രക്രിയയ്ക്കു ശേഷം വലതുകാല്‍ മുറിച്ചുമാറ്റിയ ഫുട്‌ബോള്‍ താരം ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ 2 ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത തമിഴ്‌നാട് സര്‍ക്കാര്‍ ഉന്നത അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന ഫുട്‌ബോള്‍ ടീം അംഗവും ക്യൂന്‍സ് മേരി കോളജ് വിദ്യാര്‍ഥിനിയുമായ പ്രിയ (17) മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്നാണ് കര്‍ശന നടപടിയുണ്ടായത്.

കാലിലെ വേദനയെത്തുടര്‍ന്നാണ് പ്രിയ ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയില്‍ ലിഗമെന്റിനു തകരാര്‍ കണ്ടെത്തി. ഈ മാസം 7ന് പെരിയാര്‍ നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ബാന്‍ഡേജ് ഇട്ടു. എന്നാല്‍ ബാന്‍ഡേജില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നു കാലിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ ആരോഗ്യനില വഷളായി. പിറ്റേന്ന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ കാല്‍ മുറിച്ചുമാറ്റിയെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായാണ് അന്ത്യം സംഭവിച്ചത്.

Loading...