മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ കുടുംബത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു.

ന്യൂഡൽഹി: മന്ത്രിമാര്‍ക്ക് വിമാനത്തില്‍ യാത്രചെയ്യാനായി എയര്‍ ഇന്ത്യയുടെ ദുഷിച്ച സഹായം. കേന്ദ്രമന്ത്രിക്കും സംസ്ഥാന മന്ത്രിക്കും ടിക്കറ്റ് കൊടുക്കാൻ വ്യോമസേന ഉദ്യോഗസ്ഥനെയും കുടുംബത്തെയും എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി, കിരൺ റിജിജു, ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി നിർമൽ സിങ് എന്നിവർക്കു വേണ്ടിയാണ് കുടുംബത്തെ വിമാനത്തിൽ നിന്ന് ഇറക്കിയതായി ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ മാസം 24ന് ജമ്മു- കശ്മീരിലെ ലേയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. രാവിലെയുള്ള സിന്ധു ദർശൻ ഉൽസവത്തിൽ പങ്കെടുത്തശേഷം കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും വിമാനത്തിൽ നിന്ന് ഇറക്കിയത്. മന്ത്രിമാർക്കു വേണ്ടി വിമാനം വൈകിപ്പിച്ചെന്നും ആരോപണമുണ്ട്. ഇവർക്കുവേണ്ടി ഒരു മണിക്കൂറോളമാണ് വിമാനം വൈകിപ്പിച്ചത്.

അതേസമയം, വിമാനം വൈകിപ്പിച്ചത് തങ്ങൾക്കുവേണ്ടിയാണെന്ന വാദം കിരൺ റിജിജുവും നിർമൽ സിങ്ങും നിഷേധിച്ചു. എയർഇന്ത്യ വിമാനസമയം പുനഃക്രമീകരിച്ചതാണെന്നാണ് ഇരുവരുടെയും അവകാശവാദം. മൂന്നു യാത്രക്കാരെ തങ്ങൾക്കുവേണ്ടി ഇറക്കിയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് കിരൺ റിജിജു പ്രതികരിച്ചു. അങ്ങനെ ചെയ്തെങ്കിൽ അതു തെറ്റാണെന്നും അംഗീകരിക്കാനാകില്ലെന്നും റിജിജു വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. സർക്കാരാണ് വിമാന ടിക്കറ്റുകൾ എടുത്തുതരുന്നത്. മൂന്നു യാത്രക്കാരെ ഇറക്കിയാണ് മന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ടിക്കറ്റ് എടുത്തതെന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെയെങ്കിൽ ഇത് അനുവദിക്കില്ലായിരുന്നു, മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Loading...