ദേവനന്ദയുടെ മരണത്തിലെ ദുരൂഹതകല് നീറിപുകയുമ്പോള്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുമായി ഫോറന്‍സിക് സംഘം. ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ഫോറന്‍സിക് സംഘം. ബണ്ടിന് സമീപത്ത് നിന്ന് ഇത്തിക്കരയാറിലേക്ക് വീണാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ ബണ്ടില്‍ നിന്നല്ലെന്നും അടുത്തുള്ള കുളത്തില്‍ വീണ് മരണം സംഭവിച്ചിരിക്കാമെന്നുമാണ് ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നത്.
വീടിന് 75 മീറ്റര്‍ മാത്രം അകലെയുള്ള കുളിക്കടവില്‍ മുങ്ങിത്താഴ്ന്ന കുട്ടി ഒഴുക്കില്‍പ്പെട്ട് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിയതാകാം. മൃതദേഹ പരിശോധനയില്‍ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു. ബണ്ടിന് സമീപത്ത്വച്ചാണ് ദേവനന്ദ വെള്ളത്തിലേക്ക് വീണതെങ്കില്‍ വയറ്റില്‍ ഇത്രയും ചെളി ഉണ്ടാകില്ലായിരുന്നു. മാത്രമല്ല ബണ്ടിനടുത്തുനിന്നാണ് വെള്ളത്തിലേക്ക് വീണതെങ്കില്‍ മൃതദേഹം മറ്റെവിടെയെങ്കിലും പൊങ്ങാനായിരുന്നു സാദ്ധ്യത കൂടുതല്‍. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ കൂടിയതോടെ അന്വേഷണ സംഘം ഫോറന്‍സികിന്റെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിസ് മെഡിസിന് വിഭാഗം മേധാവി ഡോ. കെ ശശികലയുടെ നേതൃത്വത്തിലുള്ള സംഘം ഇത്തിക്കരയാറിന് സമീപം പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഫലം ഉടന്‍തന്നെ അന്വേഷണ സംഘത്തിന് കൈമാറും.
ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നുളള പരിശോധനയും നടക്കുന്നുണ്ട്.വമൃതദേഹം കണ്ടെത്തിയത് ബണ്ടിന് സമീപമാണെങ്കിലും മുങ്ങി മരണം സംഭവിച്ചത് അവിടെയല്ല എന്ന നിഗമനത്തിലേക്കാണ് ഫോറന്‍സിക് സംഘം എത്തിയിരിക്കുന്നത്. ഈ നിഗമനത്തിലേക്കെത്തുന്നതിനായി മൂന്ന് കാരണങ്ങളാണ് സംഘം മുന്നോട്ടുവയ്ക്കുന്നത്. ആദ്യത്തേത്, നല്ല ഒഴുക്കുള്ള സമയമായിരുന്നു. അതുകൊണ്ട് തന്നെ ബണ്ടിന് സമീപമാണ് അപകടം സംഭവിച്ചിരുന്നെങ്കില്‍ മൃതദേഹം ബണ്ടിന് സമീപം തന്നെ കിട്ടില്ലായിരുന്നു. രണ്ടാമത്തേത്, 27 കിലോ മാത്രം ഭാരമുളള മൃതദേഹം 190 സെന്റീമീറ്റര്‍ മാത്രം ആഴമുള്ളിടത്ത് നേരത്തെ തന്നെ പൊങ്ങുമായിരുന്നു. മൂന്നാമത്തെ കാരണം, ബണ്ടിന് സമീപത്തായിരുന്നെങ്കില്‍ മൃതദേഹം ചെളിയില്‍ പുതഞ്ഞുപോകുമായിരുന്നു. മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണ് അത് പൊങ്ങി ഒഴുക്കില്‍പെട്ട് ബണ്ടിന് സമീപത്തെ മുളളുവള്ളിയില്‍ കുടുങ്ങിയതെന്നാണ് നിഗമനം. വീടും പുഴയും വഴികളും വിശദമായി പരിശോധിച്ചശേഷമാണ് ഇത്തരമൊരു പ്രാഥമിക നിഗമനത്തിലേക്ക് ഫോറന്‍സിക് സംഘമെത്തിയത്.
ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നതേയില്ല. പോലീസിനെ കുഴക്കുകയാണ് കേസ്സ് അന്വേഷണത്തിലെ കണ്ടെത്തലുകളും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു. കുട്ടി തനിയെ പുറത്ത് പോകാറില്ലെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു. എങ്കിലും ദുരൂഹതകള്‍ തീരുന്നതേയില്ല. പോലീസ് നായ മണംപിടിച്ച് പോയ ആ പൂട്ടിയിട്ടിരിക്കുന്ന വീട് ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെ നില്‍ക്കുകയാണ്.
ദേവനന്ദയുടെ വീടിന്റെ പുറകുവശത്തുകൂടിയാണ് പൊലീസ് നായ മണം പിടിച്ച് പോയത്. മൂന്നടിയോളം താഴ്ചയിലേക്ക് ഇറങ്ങി പിന്നീട് ആള്‍ത്താമസമില്ലാത്ത അയല്‍ വീടിന്റെ പറമ്പിലേക്കാണ് നായ പോയത്. അന്നും ഇന്നും പൂട്ടിക്കിടക്കുകയാണ് ഈ വീട്. അതിന്റെ പൂട്ടിയ മതില് ചാടിക്കടന്നാണ് നായ റോഡിലേക്ക് കയറിയത്. ഇവിടെ നിന്നും പുഴയില്‍ മൃതദേഹം കണ്ടുകിട്ടിയ സ്ഥലത്തേക്ക് 300 മീറ്ററോളം ദൂരമുണ്ട്. ഇതും സംശയത്തിന് വഴിവെക്കുകയാണ്. ഷാള്‍ കുട്ടിയുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് അമ്മ ധന്യ പറയുന്നു. എന്നാല്‍ ബോഡിയില്‍ നിന്ന് കിട്ടിയ ഷോളും സംശയത്തിന് വഴി വെക്കുന്നു. ചെരിപ്പിടാതിരുന്ന ദേവനന്ദ, ഒറ്റയ്ക്കാണ് ആറ്റിന്കരയിലേക്ക് പോയതെങ്കില്‍ കാലില്‍ മണ്ണ് പറ്റാനുള്ള സാധ്യതകള്‍ സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു. ഇതൊന്നും കൂടാതെ ദേവനന്ദയെ കാണാതായി അര മണിക്കൂറിനുള്ളില്‍ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും കുട്ടിയെ കണ്ടെത്താനാവാതിരുന്നത് സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്.