വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മരണം മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത് മുങ്ങി മരണം മൂലമാണെണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇടുപ്പെല്ലിലെയും കൈകളിലെയും പരുക്കുകള്‍ വീഴ്ച്ചയില്‍ സംഭവിച്ചതാണെന്നും റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ വിദഗ്ധപരിശോധനയ്ക്കയക്കും. വനം വകുപ്പ് കസ്റ്റഡിയിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മരണം മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് . കൈ മുട്ടിലും ഇടുപ്പിലും പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇടത് കൈ ഒടിഞ്ഞ നിലയിലായിരുന്നു. ഇത് വീഴ്ച്ചയില്‍ ഉണ്ടായ മുറിവുകള്‍ മാത്രമാണെന്ന് അധികൃതര്‍ കണ്ടത്തി.

മത്തായിയുടെ ശ്വാസകോശത്തില്‍ മണ്ണും ചെളിയും കയറിയിരുന്നുവെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിനെറെയോ ബലപ്രയോഗത്തിന്റെയോ പാടുകളില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആന്തരിക അവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉച്ചയോടെ ആണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. അതേ സമയം പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേസ് അന്വേഷണ സംഘം ആശുപതിയില്‍ എത്തി ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിനിടെ മരിച്ച മത്തായിയുടെ കസ്റ്റഡിയിലെടുത്ത സുഹൃത്ത് അരുണിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുന്‍പാകെയും ഇയാള്‍ ഹാജരായി. ചൊവ്വാഴ്ച്ച ആണ് മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Loading...