വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നുദിവസം തുടർച്ചയായി ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തി

വയനാട്. വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നുദിവസം തുടർച്ചയായി ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയതോടെ ഹരികുമാർ വലിയ മനോവിഷമത്തിലായിരുന്നുവെന്ന് ഭാര്യ ഉഷ. അവർ തന്നെ കുരുക്കുമെന്ന് തോന്നുന്നുവെന്നും തനിക്കിനി ജീവിതമില്ലയെന്നും ഹരികുമാർ പറഞ്ഞതായി ഉഷ പറയുന്നു. കടുവ ചത്തതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസങ്ങളിലെല്ലാം ഫോണിൽവിളിച്ച് പലകാര്യങ്ങൾ ചോദിച്ചിരുന്നു.

കുരുക്ക് അഴിക്കുന്നത്‌ എങ്ങനെയാണെന്നും പ്രദേശത്ത് കുരുക്കുവെക്കുന്നവർ ആരൊക്കെയാണെന്നുമെല്ലാം ചോദിച്ചു. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്തതിൽ മനംനൊന്താണ് ഭർത്താവ് ജീവനൊടുക്കിയതെന്നും അവർ പറഞ്ഞു. ഫെബ്രുവരി ഒന്നിന് കടുവ കുരുക്കിൽപ്പെട്ട് ചത്ത സംഭവത്തിനുശേഷം അഞ്ചാം തീയതി വനപാലകർ ഹരികുമാറിനെ കാണാൻ വന്നു.

Loading...

കുടുക്കുവെക്കാൻ അറിയാമോ എന്ന് ഹരികുമാറിനോട് ചോദിച്ചു. അറിയില്ലെന്നുവ പറഞ്ഞപ്പോൾ പ്രദേശത്ത് മറ്റാർക്കാണ് അറിയുന്നതെന്ന് ചോദിച്ചു. അതേക്കുറിച്ചും അറിയില്ലെന്നു പറഞ്ഞതോടെ അരമണിക്കൂറോളം മാറ്റിനിർത്തി സംസാരിച്ചു. മടങ്ങിപ്പോയ ഉദ്യോഗസ്ഥർ പിറ്റേന്ന് രാവിലെ വീണ്ടും വിളിച്ചു. കുടുക്കുവെച്ച ആളെ കാണിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ വീണ്ടും വിളിച്ചു. താനാണ് ഫോണെടുത്തത്. ഹരികുമാറിനോട് പെട്ടെന്ന് തിരിച്ചു വിളിക്കാനാവശ്യപ്പെട്ടു. അല്പസമയത്തിനുശേഷം ഹരികുമാർ തിരിച്ചുവിളിച്ചെങ്കിലും ഉദ്യോഗസ്ഥൻ ഫോണെടുത്തില്ല. രാത്രിയിൽ വലിയ മാനസികസമ്മർദത്തിലായിരുന്നു ഹരികുമാറെന്നും ഭാര്യ പറഞ്ഞു.

രാവിലെ അഞ്ചുമണിയോടെ വീട്ടിൽ കാണാത്തതിനാൽ അന്വേഷിച്ചപ്പോളാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. കൃഷിപ്പണികൾ ചെയ്ത് ജീവിതം പുലർത്തിയിരുന്ന തന്റെ ഭർത്താവ് ജീവനൊടുക്കേണ്ട ഒരു സാഹചര്യവുമില്ലായിരുന്നു. ആ ഉദ്യോഗസ്ഥന്റെ ഭീഷണിയൊന്നുമാത്രമാണ് ഞങ്ങൾക്ക് അദ്ദേഹത്തെ നഷ്ടമാകാൻ കാരണം ഉഷ പറഞ്ഞു.